കോഴിക്കോട്: രാജ്യത്ത് ആദ്യമായി പാമ്പുകളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വനംവകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് ‘സർപ്പ’ മൊബൈൽ ആപ്ലിക്കേഷൻ. പാമ്പുകളുമായി ബന്ധപ്പെട്ട ഒട്ടു മിക്ക ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് സർപ്പ ആപ്പ്.
വളരെ ലളിതമായ പ്രവർത്തനരീതിയാണ് ഈ ആപ്പിന്റേത്.
ഒരു പാമ്പിനെ അപകടകരമായ നിലയിൽ കണ്ടാൽ ആ പാമ്പിന്റേയോ കണ്ട സ്ഥലത്തിന്റേയോ ഫോട്ടോ എടുത്ത് സർപ്പയിൽ അപ് ലോഡ് ചെയ്യണം. സന്ദേശം അയച്ച സ്ഥലത്തിന്റെ ലൊക്കേഷൻ ജി.പി.എസ് മുഖേന കണ്ടെത്തി സമീപത്തുള്ള റെസ്‌ക്യൂവർ സംഭവസ്ഥലത്തെത്തും.വനംവകുപ്പ് പരിശീലനം നൽകിയിട്ടുള്ള എല്ലാ അംഗീകൃത റെസ്‌ക്യൂവർമാരുടെയും മേൽവിലാസം, മൊബൈൽ നമ്പർ എന്നിവ ആപ്പിലുണ്ട്. പാമ്പുകളെ പിടികൂടിയതു മുതൽ വിട്ടയച്ചതുവരെയുള്ള എല്ലാ വിവരങ്ങളും ആപ്പിൽ രജിസ്റ്റർ ചെയ്യാം.ഓരോ ജില്ലകളിൽ നിന്നും പിടികൂടുകയും സുരക്ഷിതമായി വിട്ടയ്ക്കുകയും ചെയ്തിട്ടുള്ള പാമ്പുകളുടെ ഇനം തിരിച്ചുള്ള കണക്കുകളും സർപ്പയിൽ ലഭ്യമാണ്. ഇത് സംസ്ഥാനത്ത് കണ്ടുവരുന്ന പാമ്പുകളുടെ ഇനം, തരം തിരിച്ചുള്ള കണക്കുശേഖരണത്തിനും പഠനത്തിനും പാമ്പുകൾ മുഖേനയുണ്ടാകുന്ന അപായങ്ങൾക്കെതിരെ ഫലപ്രദമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനും സഹായകമാണ്.
പാമ്പിൻ വിഷത്തിന് പ്രതിവിഷ ചികിത്സാരംഗത്ത് സജീവമായ ഗവേഷകർക്ക് അനിവാര്യമായ പല നിർണായക വിവരങ്ങളും സർപ്പയിലെ ഡാറ്റാ അനാലിസിസിൽ നിന്നും ലഭിക്കും. ജനവാസ മേഖലകളിൽ കാണപ്പെടുന്ന പാമ്പുകളിൽ വിഷമില്ലാത്തത്, വിഷമുള്ളത്, സവിശേഷതകൾ തുടങ്ങി പാമ്പുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞൊടിയിടയിൽ സർപ്പയിൽ ലഭിക്കും. ഇത് പാമ്പുകളെ കുറിച്ചുള്ള അനാവശ്യ ഭീതി ഒഴിവാക്കാൻ സഹായകരമാണ്. സർപ്പ ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാം.സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണനമേളയിലാണ് ഇത് സംബന്ധിച്ച വിശദീകരണം നൽകുന്നത്. നിരവധി ആളുകളാണ് പാമ്പുകളെയും സർപ്പ ആപ്ലിക്കേഷനെയും കുറിച്ച് കൂടുതൽ വിവരങ്ങളറിയാനായി വനംവകുപ്പിന്റെ സ്റ്റാളിൽ എത്തുന്നത്. ആപ്ലിക്കേഷന്റെ ഉപയോഗത്തെയും പാമ്പുകളെയും പാമ്പുപിടിത്തത്തെയും കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിന് സ്റ്റാളിൽ പരിശീലനം ലഭിത്തവർ വിശദീകരണം നൽകുന്നു.