ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കോവിഷീൽഡിന്റെ നിർമാണം വീണ്ടും തുടങ്ങി സെറം ഇൻസ്റ്റിറ്റ്യൂട്ട്. മുൻകരുതലായി നിർമാണം പുനരാരംഭിച്ചു. ആളുകൾക്ക് വേണമെങ്കിൽ കോവിഷീൽഡ് തെരഞ്ഞെടുക്കാം. 90 ദിവസത്തിനുള്ളിൽ 60-70 ലക്ഷം ഡോസ് കോവിഷീൽഡ് ലഭ്യമാക്കും.
60 ലക്ഷം ബൂസ്റ്റർ ഡോസ് കോവോവാക്സ് വാക്സിൻ ലഭ്യമാണ്. മുതിർന്നവർ നിർബന്ധമായും ബൂസ്റ്റർ ഷോട്ട് എടുക്കണമെന്നും നിർദേശമുണ്ട്. കോവോവാക്സ് ബൂസ്റ്റർ ഇപ്പോൾ കോവിൻ ആപ്പിൽ ഉണ്ടെന്നും സി.ഇ.ഒ അഡാർ പുനെവാല പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ബുധനാഴ്ച മാത്രം രാജ്യത്ത് 7,830 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് 223 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്നതാണ്. ഇതോടെ സജീവ കേസുകൾ 40,215 ആയി.
കേരളം -അഞ്ച്, ഡൽഹി, പഞ്ചാബ്, ഹിമാചൽ പ്രദേശ്- രണ്ട് വീതം, ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തർപ്രദേശ്- ഒന്ന് വീതം അടക്കം 16 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 5,31,016 ആയി ഉയർന്നു. ആവശ്യക്കാരില്ലാത്തതിനാല്‍ 2021 ഡിസംബറിലാണ് കമ്പനി കോവിഷീൽഡിന്റെ നിർമാണം നിർത്തിയത്. കാലാവധി കഴിഞ്ഞ പത്തുകോടി ഡോസ് മരുന്ന് കഴിഞ്ഞവർഷം നശിപ്പിച്ചിരുന്നു. രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ മരുന്നുകമ്പനികളില്‍നിന്ന് കോവിഡ് പ്രതിരോധവാക്‌സിനുകള്‍ വാങ്ങുന്നത് ആരോഗ്യമന്ത്രാലയം നിർത്തിയിരുന്നു. വാക്‌സിനേഷനായി കേന്ദ്രബജറ്റില്‍ അനുവദിച്ച 4237 കോടി രൂപയും ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തിന് മടക്കിനല്‍കിയിരുന്നു.