തിരുവനന്തപുരം : സെർവർ തകരാറിലായതോടെ റേഷൻ വിതരണത്തിലെ ഇ പോസ് സംവിധാനം മെല്ലെപ്പോക്കിൽ. മെഷീനിൽ കൈവിരൽ പതിക്കുന്നത് പരാജയപ്പെടുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ഫെബ്രുവരി മാസം ഇന്ന് അവസാനിക്കാനിരിക്കെ നിരവധി ആളുകളാണ് ഈ മാസത്തെ റേഷൻ വാങ്ങാനാകാതെ വീട്ടിലേക്ക് മടങ്ങുന്നത്.
സംസ്ഥാനത്തെ തൊണ്ണൂറ്റി മൂന്നര ലക്ഷം റേഷൻ കാര്‍ഡുടമകളിൽ എഴുപത് ശതമാനത്തോളം മാത്രമാണ് ഫെബ്രുവരിയിലെ റേഷൻ വാങ്ങിയത്. കടകളിലെത്തുന്ന പലരും ഇ പോസ് മെഷീനിൽ കൈവിരൽ പതിച്ചിട്ടും പരാജയപ്പെട്ട് മടങ്ങുകയാണ്. ചിലർ ഫോണിലേക്ക് ഒടിപി വരുന്നതിനാൽ അതു പ്രയോജനപ്പെടുത്തി അരി വാങ്ങാൻ സാധിക്കുന്നുണ്ട്. എന്നാൽ രജിസ്റ്റർ ചെയ്ത നമ്പർ മാറിയ ആളുകളാണ് പ്രയാസത്തിലായത്.
ഇപോസ് മെഷീനുകൾ സമയബന്ധിതമായി സര്‍വ്വീസ് നടത്താത്തതും പ്രതിസന്ധിക്ക് കാരണമായെന്നാണ് വ്യപാരികൾ പറയുന്നത്. പ്രശ്നം ഉടനടി പരിഹരിച്ചില്ലെങ്കിൽ അടുത്ത മാസം സംസ്ഥാനത്തെ എല്ലാ കളക്ടറേറ്റുകളിലേക്കും ഇ -പോസ് മെഷീനുകളുമായെത്തി സമരം നടത്തുമെന്നും റേഷൻ വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു. തിരുവനന്തപുരത്തെ സര്‍വ്വറിൽ വന്ന തകരാറാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. റേഷൻ വാങ്ങാൻ കഴിയാത്തവര്‍ക്ക് അടുത്ത മാസത്തേക്ക് നീട്ടി നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.