തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിൽ പുതുവത്സരം ആരംഭിച്ചത് സെർവർ തകരാറോടെ. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് സെർവർ പണിമുടക്കിയത്. ചൊവ്വാഴ്ചയിലെ അവധി കഴിഞ്ഞ് ബുധനാഴ്ച വൈകീട്ടോടെയാണ് തകരാർ പരിഹരിക്കാനായത്. സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫിസുകളില്‍ ഭൂമികൈമാറ്റ രജിസ്ട്രേഷന് ഉള്‍പ്പെടെ സേവനങ്ങള്‍ നിലച്ചു.
ഭൂമി കൈമാറ്റത്തിനായി പണം കൈമാറി സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും അടച്ചശേഷം ബുധനാഴ്ച രാവിലെ മുതല്‍ സബ് രജിസ്ട്രാർ ഓഫിസുകളിൽ എത്തിയവർക്കാണ് സെർവർ തകരാർ ഇരുട്ടടിയായത്. ബാധ്യത സര്‍ട്ടിഫിക്കറ്റ്, ആധാരങ്ങളുടെ പകര്‍പ്പ്, പ്രത്യേക വിവാഹ രജിസ്ട്രേഷന് എന്നിവക്കായി ഫീസ് അടയ്ക്കുന്നതിനോ, സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും പ്രിന്റ് എടുക്കാനോ സാധിച്ചില്ല. ആധാരങ്ങളുടെ രജിസ്ട്രേഷനുവേണ്ടി ഓണ്‍ലൈന്‍ ചെയ്ത നിരവധി പേരുടെ പണവും അക്കൗണ്ടില്‍നിന്നും പോയിട്ടും വീണ്ടും പണം അടയ്ക്കാനുള്ള നിർദേശം ലഭിച്ചതായും പരാതിയുണ്ട്.
അപേക്ഷ നല്കി പണം അടച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ പുരോഗതി പരിശോധിക്കുമ്പോള്‍ പണം അടച്ചിട്ടില്ലെന്ന സന്ദേശമാണ് ലഭിക്കുന്നതെന്നും അപേക്ഷകർ പറയുന്നു. സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ആധാരം, ഇ- ഗഹാന് എന്നിവയുടെ രജിസ്ട്രേഷന്, ബാധ്യത സര്‍ട്ടിഫിക്കറ്റ്, ആധാരങ്ങളുടെ പകര്‍പ്പ്, വിവാഹ രജിസ്ട്രേഷന് തുടങ്ങി സേവനങ്ങളും നിലച്ചു. മാത്രമല്ല, മിക്ക സബ് രജിസ്ട്രാർ ഓഫിസുകളിലും ഇ- ഗഹാന് രജിസ്ട്രേഷന് താറുമാറായിട്ടും ദിവസങ്ങളായി. ഇതുകാരണം സഹകരണബാങ്കുകളിലെ വായ്പവിതരണവും നിലച്ചിരിക്കുകയാണ്. ബാങ്കിലെ വായ്പ കടം അവസാനിപ്പിച്ച് ഭൂമി കൈമാറ്റം ചെയ്യാനായി കാത്തിരിക്കുന്നതും നിരവധി പേരാണ്.