കൊച്ചി : പ്ലൈവുഡ് വ്യാപാരിയായിരുന്ന പെരുമ്പാവൂർ കണ്ണംപുറം വീട്ടിൽ നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി മാറമ്പിള്ളി കൊട്ടിക്കത്തോട്ടത്തിൽ റഷീദിനെ (40) ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. റഷീദിനെ വെറുതേ വിട്ട മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് സി. ജയചന്ദ്രനും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
രണ്ട് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം. നൗഷാദിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയായിരുന്നു ആക്രമണം എന്ന് വിലയിരുത്തിയാണ് ശിക്ഷ. ഉത്തരവ് പറയുന്നതിനായി റഷീദിനോട് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു.
2015 മേയ് ഏഴിനായിരുന്നു സംഭവം. നൗഷാദിന്റെ സ്ഥാപനത്തിൽ മാനേജരായിരുന്നു പ്രതി. ഇരുവരും സുഹൃത്തുക്കളുമായിരുന്നു. തന്റെ ഭാര്യയുമായി നൗഷാദിന് വഴിവിട്ട ബന്ധം ഉണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. സംഭവ ദിവസം രാവിലെ പ്ലൈവുഡ് കമ്പനിയിൽ നിന്ന് വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്ന നൗഷാദിനെ കാറിൽ എതിരേ വന്ന റഷീദ് ഇടിച്ചുവീഴ്ത്തി നെറ്റിക്കും കഴുത്തിനും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നൗഷാദിന്റെ ബൈക്കിന് തൊട്ടുപിന്നാലെ മറ്റൊരു ബൈക്കിൽ വന്നയാൾ മാത്രമായിരുന്നു ദൃക്സാക്ഷി. ഇയാളുടെയടക്കം മൊഴി വിശ്വസിക്കാനാകില്ലെന്ന് വിലയിരുത്തിയാണ് വിചാരണക്കോടതി പ്രതിയെ 2019 മേയ് 25-ന് വെറുതേ വിട്ടത്.
ഇതിനെതിരേ നൗഷാദിന്റെ ഭാര്യ അല്ലിയാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. സർക്കാരും പിന്നീട് അപ്പീൽ നൽകി. വട്ടയ്ക്കാട്ടുപടിയിൽ ചായക്കട നടത്തുന്നയാളായിരുന്നു സംഭവത്തിന്റെ ദൃക്സാക്ഷി. സംഭവം കണ്ട് ഭയന്നുപോയ ഇയാൾ സംഭവത്തെക്കുറിച്ച് അന്ന് ആരോടും പറഞ്ഞിരുന്നില്ല. പിന്നീടാണ് പോലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയത്. ഇതാണ് വിചാരണക്കോടതി മൊഴി അവിശ്വസിക്കാനിടയായത്. വിചാരണക്കോടതിയുടെ ഈ വിലയിരുത്തൽ തെറ്റാണെന്ന് ഹൈക്കോടതി വിലയിരുത്തി.
കുത്തിയ കത്തിയിൽ രക്തക്കറയുണ്ടോ എന്ന് വിചാരണക്കോടതി നേരിട്ട് പരിശോധിച്ചത് ശരിയായില്ലെന്നും ഹൈക്കോടതി വിലയിരുത്തി. കോടതി ഫൊറൻസിക് വിദഗ്ധൻ അല്ലെന്നും ഓർമിപ്പിച്ചു. റഷീദിന്റെ വസ്ത്രത്തിൽ നൗഷാദിന്റെ രക്തക്കറ പുരണ്ടിരുന്നതും സമീപവാസികളായ മറ്റ് പ്രതികളുടെ മൊഴികളും ഹൈക്കോടതി കണക്കിലെടുത്തു. നൗഷാദുമായി ഫോണിൽ സംസാരിച്ചതുമായി ബന്ധപ്പെട്ട് റഷീദും താനുമായി തർക്കം ഉണ്ടായിരുന്നുവെന്ന് റഷീദിന്റെ ഭാര്യ മൊഴി നൽകിയതും വാദിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.
വർഷങ്ങൾക്കു മുൻപുണ്ടായ അപകടത്തെ തുടർന്ന് റഷീദിന്റെ ഇടതുകാൽ നേരത്തെ മുറിച്ചുമാറ്റിയിരുന്നു. കൃത്രിമക്കാൽ വെച്ചാണ് നടന്നിരുന്നത്. കൈക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. അതിനാൽ ആരോപിക്കപ്പെടുന്ന കുറ്റകൃത്യം ചെയ്യാനാകില്ലെന്ന് വാദിച്ചെങ്കിലും കോടതി തള്ളി. ഹർജിക്കാരിക്കു വേണ്ടി സീനിയർ അഭിഭാഷകൻ പി. വിജയഭാനു ആണ് ഹാജരായത്. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. ശ്രീജിത്തും ഹാജരായി.