ഹരിപ്പാട്: കായംകുളം ഹാർബറിൽ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളങ്ങൾ കാറ്റിലും തിരയിലും പെട്ട് തകർന്നു. ഹാർബറിന്റെ വടക്കേക്കരയിൽ വലിയഴിക്കൽ ഭാഗത്ത് നങ്കൂരമിട്ടിരുന്ന ഏഴ് ഫൈബർ നീട്ടുവള്ളങ്ങളാണ് കെട്ട് പൊട്ടി ഒഴുകിപ്പോയത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
കായലിൽ നിന്നും കടലിലേക്കുള്ള വെള്ളത്തിന്റെ കുത്തൊഴുക്കും കടലിൽ നിന്നുള്ള തിരയും ശക്തമായ കാറ്റുമാണ് വള്ളങ്ങൾ നങ്കൂരത്തിൽ നിന്നും ബന്ധം വേർപെടാൻ കാരണം. അഴീക്കൽ കരയിലേക്കാണ് വള്ളങ്ങൾ ഒഴുകിപ്പോയത്. കടലിൽ ഒഴുകി നടന്ന വള്ളങ്ങൾ കൂട്ടിയിടിച്ചും പുലിമുട്ടിൽ ഇടിച്ചു കയറിയുമാണ് തകർന്നത്.
പൂർണമായും പൊട്ടിക്കീറി വെള്ളത്തിൽ താഴ്ന്ന നിലയിലാണ് മൂന്ന് വള്ളങ്ങൾ കണ്ടെത്തിയത്. ഏഴു വള്ളങ്ങളും ഉപയോഗശൂന്യമായി. വള്ളങ്ങളുടെ എഞ്ചിനും വലയും നഷ്ടമായി. എക്കോ സൗണ്ടർ, വയർലെസ് സിസ്റ്റം, ജി.പി.എസ്. സംവിധാനം എന്നിവയ്ക്കും കേടു പറ്റി.
കള്ളിക്കാട് എ.കെ.ജി നഗർ സ്വദേശി ഉമേഷിന്റെ ‘ജപമാല’, ലാൽജിയുടെ ‘എം.എം.വൈ.സി’, തൃക്കുന്നപ്പുഴ സ്വദേശി വിനോദിന്റെ ‘കൈലാസനാഥൻ’, വിമലിന്റെ ‘പ്രസ്റ്റീജ്’, പതിയാങ്കര സ്വദേശി പ്രദീപിന്റെ ‘ദേവി’ , വലിയഴീക്കൽ സ്വദേശി സാനുവിന്റെ ‘ദക്ഷനന്ദ’, തൃക്കുന്നപ്പുഴ സ്വദേശി ബൈജുവിന്റെ ‘കൈലാസനാഥൻ’ എന്നീ വള്ളങ്ങളാണ് അപകടത്തിൽ പെട്ടത്.
ഓരോ വള്ളത്തിനും ആറു മുതൽ എട്ടുലക്ഷം വരെ നഷ്ടമുണ്ടായതായി തൊഴിലാളികൾ പറഞ്ഞു. ഫിഷറീസ് അധികാരികളും കോസ്റ്റൽ പോലിസും സംഭവസ്ഥലത്തെത്തി നാശ നഷ്ടങ്ങൾ വിലയിരുത്തി.