ദില്ലി : പക്ഷിപ്പനിയെ കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘം കേരളത്തിലേക്ക്. ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രാലയം ഏഴംഗ സംഘത്തെ അയക്കുമെന്ന് അറിയിച്ചത്. രോഗവ്യാപനം സംബന്ധിച്ച് പ്രദേശത്ത് വിശദമായി പരിശോധന നടത്തി, ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് സംഘം സമർപ്പിക്കും. രോഗ വ്യാപന തോത് കുറയ്ക്കാനുള്ള നിർദ്ദേശങ്ങളും സംസ്ഥാനത്തിന് നൽകും.
ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർകുലോസിസ് ആൻഡ് റെസ്പിറേറ്ററി ഡിസീസസ്, ന്യൂഡൽഹി നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് , ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്നതാണ് കേരളത്തിലേക്കുള്ള 7 അംഗ കേന്ദ്രസംഘം.
ബംഗ്ലുരുവിലെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മേഖലാ ഓഫീസിലെ സീനിയർ റീജിയണൽ ഡയറക്ടർ ഡോ. രാജേഷ് കെദാമണിയുടെ സംഘത്തിന് നേതൃത്വം നൽകുന്നത്. പക്ഷിപ്പനി കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പൊതുജനാരോഗ്യ നടപടികൾ, നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങൾ, പ്രോട്ടോക്കോളുകൾ തുടങ്ങിയവയിൽ സംസ്ഥാന ആരോഗ്യ വകുപ്പിനെ കേന്ദ്രസംഘം സഹായിക്കും.