മംഗളൂരു: മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിൽ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ റാലിയുടെ ഭാഗമായി ബി.ജെ.പി പ്രവർത്തകർ ആക്രമണത്തിന് ഇരയായ സംഭവത്തിൽ ഏഴുപേരെ കൂടി കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തു. കെ. താജുദ്ദീൻ എന്ന സാദിഖ് (30), എം. സർവാൻ (28), വി. മുബാറക് (27), സി. അഷ്റഫ്(31), ടി. തല്ലത്ത് (26), ഏൻ. ഇംറാൻ (27), കെ. ഇർഷാദ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. പ്രദേശവാസികളായ മുഹമ്മദ് ശാകിർ (28), അബ്ദുറസാഖ് (40), അബൂബക്കർ സിദ്ദീഖ് (35), സവാദ് (18), മോനു എന്ന ഹഫീസ് (24) കെ.സി. അബൂബക്കർ (35) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആഹ്ലാദപ്രകടനം നടത്തിയ പ്രവർത്തകർ പ്രത്യേക സമുദായത്തെ പാകിസ്താനികൾ എന്ന് ആക്ഷേപിച്ചതാണ് കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബോളാറിൽ സംഘർഷാവസ്ഥക്ക് വഴിവെച്ചതെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ പറഞ്ഞിരുന്നു.
ആഹ്ലാദപ്രകടനക്കാർ ബോളാർ മസ്ജിദ് പരിസരത്തുനിന്ന് രണ്ട് കിലോമീറ്റർ അകലെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പ്രകോപന മുദ്രാവാക്യം മുഴക്കിയത്. ഭാരത് മാതാ കീ ജയ്, നരേന്ദ്ര മോദിജീ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയതിനോടൊന്നും ആരും പ്രതികരിച്ചിരുന്നില്ല. എന്നാൽ പാകിസ്താനികൾ എന്ന് ആക്ഷേപിച്ച് മുദ്രാവാക്യം മുഴങ്ങിയപ്പോഴാണ് അക്രമം നടന്നത്. മസ്ജിദിനു മുന്നിൽ പ്രകോപന മുദ്രാവാക്യം മുഴക്കി എന്ന പള്ളിക്കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയിൽ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആഹ്ലാദ പ്രകടനക്കാർ ബോളിയാർ ജുമാമസ്ജിദ് കവാടത്തിനു മുന്നിൽ ഞായറാഴ്ച രാത്രി കൂടിനിന്ന് ഡിജെ പാട്ടും നൃത്തവും നടത്തിയിരുന്നു. ആരാധനാലയത്തിനു മുന്നിൽ ഡിജെ ഒഴിവാക്കണമെന്ന് ഏതാനും യുവാക്കൾ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയിരുന്നില്ല. ആഹ്ലാദപ്രകടനം കഴിഞ്ഞ് രാത്രി വൈകി തിരിച്ചു പോവുകയായിരുന്ന ബി.ജെ.പി പ്രവർത്തകരായ കെ. ഹരീഷ് (35), എ. നന്ദകുമാർ (24) എന്നിവർക്ക് പരിക്കേറ്റിരുന്നു. പാകിസ്താനികൾ എന്ന് ആക്ഷേപിച്ച് മുദ്രാവാക്യം മുഴക്കിയ ഇവരെ തിരിച്ചറിഞ്ഞായിരുന്നു അക്രമം.