ബെംഗളൂരു: കർണാടകയിലെ ഗദഗ് സി.എസ്. പാട്ടീൽ ഗേൾസ് ഹൈസ്കൂളിൽ ഹിജാബ് ധരിച്ച വിദ്യാർഥിനികളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിച്ചതിന് 7 അധ്യാപകരെ സസ്പെൻഡ് ചെയ്തു. പരീക്ഷയ്ക്കു യൂണിഫോം നിർബന്ധമാക്കിയ ഉത്തരവ് ലംഘിച്ചതിനാണു നടപടിയെന്ന് അധികൃതർ അറിയിച്ചു. ഹിജാബ് വിലക്കിൽ പ്രതിഷേധിച്ച് ഉഡുപ്പിയിലെ 3 കോളജുകളിൽ 40 വിദ്യാർഥികൾ പ്രീ യൂണിവേഴ്സിറ്റി (പിയു) ഒന്നാം വർഷ പരീക്ഷ എഴുതിയില്ല.
അതേസമയം, ഹലാൽ മാസം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത ഹിന്ദു സംഘടനകൾ, ഇത്തരം മാംസം വിൽക്കുന്ന ഹിന്ദുക്കളുടെ ഹോട്ടലുകൾക്കെതിരെയും രംഗത്തെത്തി. കന്നഡ പുതുവർഷദിനമായ ഉഗാദിയോട് അനുബന്ധിച്ച് ഹലാൽ മാംസം ബഹിഷ്കരിക്കണമെന്ന് ഹിന്ദു ജനജാഗൃതി സമിതി, ശ്രീരാമ സേന, ബജ്റങ്ദൾ തുടങ്ങിയവയാണ് ആഹ്വാനം ചെയ്തത്.