ദില്ലി: മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിന്‍റെ നിരവധി ഉപയോക്താക്കൾക്ക് അവരുടെ ഫോളോവേര്‍സിനെ നഷ്ടപ്പെടുന്നതായി പരാതി. ഫേസ്ബുക്കിലെ തങ്ങളുടെ ഫോളോവേഴ്‌സിൽ ഭൂരിഭാഗവും നഷ്ടപ്പെട്ട പരാതിയുമായി പ്രമുഖര്‍ അടക്കമാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഫേസ്ബുക്ക് സ്ഥാപകനും മെറ്റ പ്ലാറ്റ്ഫോം സിഇഒയുമായ മാർക്ക് സക്കർബർഗിന് 119 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് സ്ഥാപകന്‍റെ ഫോളോവേഴ്‌സിന്റെ എണ്ണം 10,000 ത്തിൽ താഴെയാണ് ഇപ്പോള്‍ കാണിക്കുന്നത്. അതേ സമയം ലോകത്തെമ്പാടും ഈ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.
“ഫേസ്ബുക്കില്‍ ഒരു സുനാമി സംഭവിച്ചിരിക്കുന്നു, എന്റെ ഏകദേശം 900,000 ഫോളോവേഴ്‌സിനെ കാണാനില്ല. 9000 പേര്‍ മാത്രമാണ് അവശേഷിപ്പിക്കുന്നത്. എനിക്ക് ഫേസ്ബുക്കിന്റെ കോമഡി ഇഷ്ടമാണ്,” ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ ട്വീറ്റ് ചെയ്തു.എന്നാല്‍ ഇതിന് പിന്നിലുള്ള യാഥാര്‍ത്ഥ കാരണം എന്താണ് എന്നതില്‍ ഫേസ്ബുക്ക് ഔദ്യോഗികമായി ഒരു വിശദീകരണവും നല്‍കിയിട്ടില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചില ടെക് വൃത്തങ്ങള്‍ പറയുന്നത്. ഇതൊരു ബഗ് ആകാം എന്നാണ്.
പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു മെറ്റാ വക്താവ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത് ഇതാണ്, “ചില ആളുകൾ അവരുടെ ഫേസ്ബുക്ക് പ്രൊഫൈലുകളിൽ ഫോളോവേഴ്‌സിന്‍റെ എണ്ണത്തില്‍ ചില വ്യതിയാനങ്ങള്‍ സംഭവിച്ചതായി മനസിലാക്കുന്നു. കഴിയുന്നത്ര വേഗത്തിൽ കാര്യങ്ങൾ സാധാരണ നിലയിലാക്കാൻ മെറ്റ ശ്രമിക്കുകയാണ് ,എന്തെങ്കിലും അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു” – എന്നായിരുന്നു പ്രതികരണം.അതേ സമയം പുതിയ തരത്തില്‍ പരീക്ഷണങ്ങള്‍ ഫേസ്ബുക്ക് നടപ്പിലാക്കുന്നതിന്‍റെ ഭാഗമാണോ ഫോളോവേര്‍സിനെ വെട്ടിനിരത്തല്‍ എന്നാണ് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നത്.