ഇംഫാൽ∙ മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. മൂന്നു പേര്‍ കൊല്ലപ്പെട്ടു. ബിഷ്ണുപുർ ജില്ലയിൽ ഉണ്ടായ വെടിവയ്പില്‍ മെയ്തെയ് വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്. രാത്രി ഖോയ്ജുമന്തബി ഗ്രാമത്തിന് കാവല്‍ നിന്നവരായിരുന്നു ഇവര്‍. ഇംഫാല്‍ വെസ്റ്റിലും വെടിവയ്പ് തുടരുന്നു. ആളപായം ഉയരാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു.മണിപ്പുരിൽ മെയ്തെയ്– കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപത്തിൽ ഇതുവരെ നൂറിലധികം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മണിപ്പുരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തെയ് വിഭാഗം ഇംഫാൽ താഴ്‌വരയിലാണ് കൂടുതലും താമസിക്കുന്നത്. ഗോത്രവർഗക്കാരായ നാഗകളും കുക്കികളും അടങ്ങുന്ന ജനസംഖ്യയുടെ 40 ശതമാനം മലയോര ജില്ലകളിലുമാണ് താമസം.
കഴിഞ്ഞ 2 ദിവസമായി സംസ്ഥാനം പൊതുവേ ശാന്തമായിരുന്നു. തൗബാലിൽ ബിജെപിയുടെ 3 പ്രാദേശിക ഓഫിസുകൾ തകർത്തു. അതേസമയം, കഴിഞ്ഞ ദിവസം സൈനികരുടെ വെടിയേറ്റു മരിച്ചവരിൽ ഒരാൾ മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണെന്ന് വ്യക്തമായി. കുക്കി ഗ്രാമങ്ങൾ ആക്രമിക്കാനെത്തിയപ്പോഴാണ് ഇയാൾ കൊല്ലപ്പെട്ടത്.