ഗുരുതരമായി കോവിഡ് ബാധിച്ചവര്‍ക്ക് രോഗം മാറിയ ശേഷവും അണുബാധയുടെ ലക്ഷണങ്ങള്‍ തുടരാനുള്ള സാധ്യത കൂടുതലാണെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍.(ഇസിഡിസി). പോസ്റ്റ് കോവിഡ് ലക്ഷണങ്ങള്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളിലാണ് വ്യാപകമായി കണ്ടു വരുന്നതെന്ന് ഇസിഡിസി പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് മാറി 12 ആഴ്ചകള്‍ക്ക് ശേഷവും നിരവധി ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ രോഗികളില്‍ കണ്ടു വരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ക്ഷീണം, ശ്വാസംമുട്ടല്‍, വിഷാദരോഗം, തലവേദന, തലകറക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളില്‍ പിന്നീട് വ്യാപകമായി കാണപ്പെടുന്നു. യൂറോപ്യന്‍ യൂണിയന്‍, യുകെ, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
കോവിഡ്19 രോഗികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ റിപ്പോര്‍ട്ട് സഹായകമാണ്. വാക്‌സിനേഷന്റെ തോതും ഹൈബ്രിഡ് പ്രതിരോധവും വര്‍ധിച്ച സാഹചര്യത്തില്‍ കോവിഡ് അനന്തരമുള്ള അപകട സാധ്യതകളെ കുറിച്ച് ഇനിയും പലകാര്യങ്ങളിലും അവ്യക്തത നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനാല്‍ വന്‍തോതിലുള്ള പഠനം കോവിഡിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെ കുറിച്ച് ആവശ്യമാണെന്നും ഇസിഡിസി ശുപാര്‍ശ ചെയ്യുന്നു.