കൊല്‍ക്കത്ത : ബംഗാളില്‍ പ്രബലരായ മതുവ വിഭാഗം ഇടഞ്ഞത് ബിജെപിക്കു തലവേദനയാകുന്നു. പാര്‍ട്ടി ജില്ലാ, സംസ്ഥാന സമിതികളില്‍നിന്ന് മതുവ വിഭാഗത്തില്‍പെട്ട എംഎല്‍എമാരെ ഒഴിവാക്കിയതിനെ ചൊല്ലിയാണ് കടുത്ത പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രിയും മതുവ സമുദായത്തിലെ പ്രമുഖനുമായ ശന്തനു താക്കൂര്‍ ബിജെപിയുടെ എല്ലാ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്നും ഒഴിവായത് പാര്‍ട്ടിക്ക് തിരിച്ചടിയായി. മതുവ സമുദായത്തിന് പാര്‍ട്ടിയില്‍ സുപ്രധാന റോളുണ്ടെന്ന് ബംഗാള്‍ ബിജെപി നേതൃത്വം കരുതുന്നില്ലെന്നാണു തോന്നുന്നതെന്ന് കേന്ദ്ര ഷിപ്പിങ് സഹമന്ത്രിയായ ശന്തനു താക്കൂര്‍ പറഞ്ഞു. തനിക്കു പോലും ബിജെപി സംസ്ഥാന ഘടകത്തില്‍ പ്രാധാന്യമുണ്ടോയെന്നും ശന്തനു സംശയം പ്രകടിപ്പിച്ചു.
ഓള്‍ ഇന്ത്യ മതുവ മഹാസംഘത്തിന്റെ സംഘാധിപതിയായ ശന്തനു സമുദായത്തിലെ പ്രമുഖ നേതാവാണ്. ബിജെപി സംസ്ഥാന, ജില്ലാ കമ്മിറ്റികളില്‍നിന്ന് മതുവ സമുദായത്തില്‍പെട്ട എംഎല്‍എമാരെ ഒഴിവാക്കിയതിനെതിരെ ശന്തനു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയോടു വിശ്വസ്തത പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. മതുവ വിഭാഗത്തില്‍പെട്ട അഞ്ച് എംഎല്‍എമാരെയാണ് ബിജെപി സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവാക്കിയത്. ഇവരും എല്‍എല്‍എമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്ന് ഒഴിവായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ശന്തനുവിന് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ പരിഹരിക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാര്‍ പറഞ്ഞു. ബിജെപി കുടുംബത്തിലെ അംഗമാണ് ശന്തനുവെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ തിരഞ്ഞെടുപ്പ് താല്‍പര്യങ്ങള്‍ക്കു വേണ്ടി മതുവ വിഭാഗത്തെ ഉപയോഗിക്കുകയാണ് ബിജെപി ചെയ്തതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാംഗം സുകേന്ദു ശേഖര്‍ റോയി പറഞ്ഞു. സമുദായത്തിന്റെ യഥാര്‍ഥ വികസനത്തില്‍ ബിജെപിക്കു താല്‍പര്യമില്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നതെന്നും സുകേന്ദു പറഞ്ഞു. ബംഗാളിലെ പ്രമുഖവിഭാഗമായ മതുവയില്‍നിന്നുള്ള നേതാക്കള്‍ ബിജെപിയിലും തൃണമൂലിലും സജീവമാണ്. നാല് ലോക്‌സഭാ മണ്ഡലങ്ങളിലും 30-40 നിയമസഭാ മണ്ഡലങ്ങളിലും നിര്‍ണായക സ്വാധീനം ഈ വിഭാഗത്തിനുണ്ട്. വിഭാഗത്തിന്റെ സ്ഥാപകനായ ഹരിചന്ദ് താക്കൂറിന്റെ ഗ്രാമമായ ഒറാഖണ്ഡിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, 2021ലെ ബംഗ്ലദേശ് സന്ദര്‍ശനത്തിനിടെ പോയിരുന്നു.