യുവതിയുടെ സഹായത്തോടെ സെക്സ്റ്റോർഷൻ റാക്കറ്റ്, പിന്നാലെ, രണ്ട് പൊലീസുകാർ പിടിയിൽ. സംഭവം നടന്നത് രാജ്യതലസ്ഥാനമായ ദില്ലിയിൽ. ഇതിലുൾപ്പെട്ട ഒരു ഹെഡ് കോൺസ്റ്റബിളിനെയും ഒരു കോൺസ്റ്റബിളിനെയും സസ്‍പെൻഡ് ചെയ്തിരിക്കുകയാണ് ഇപ്പോൾ.
ഒരു യുവതിയുടെ സഹായത്തോടെയാണ് രണ്ട് പൊലീസുകാരും ചേർന്ന് സെക്സ്റ്റോർഷൻ റാക്കറ്റ് നടത്തിയിരുന്നത്. ഇതുവഴി ഡേറ്റിംഗ് ആപ്പിന്റെ സഹായത്തോടെ യുവാക്കളെ വലയിലാക്കുകയായിരുന്നു. നിഹാൽ വിഹാർ പൊലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിൾ അങ്കിത്, പിസിആർ യൂണിറ്റിലെ ഹെഡ് കോൺസ്റ്റബിളായ മുകേഷ് എന്നിവരാണ് പ്രതികൾ. ഡിപാർട്‍മെന്റ് തലത്തിൽ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.
റാക്കറ്റ് പ്രവർത്തിപ്പിക്കുന്നതിന് വേണ്ടി രണ്ട് പൊലീസുകാരും ചേർന്ന് ഒരു മുറിയും വാടകയ്‍ക്ക് എടുത്തിരുന്നു. രണ്ട് പൊലീസുകാർ തന്നിൽ നിന്ന് പണം തട്ടിയെന്ന് ആരോപിച്ച് ഗുരുഗ്രാം സ്വദേശിയായ യുവാവ് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നതും പൊലീസുകാർക്കെതിരെ നടപടിയുണ്ടാവുന്നതും.
പരാതിയെ തുടർന്ന് പൊലീസ് യുവാവിന്റെ താമസസ്ഥലത്ത് എത്തുകയും ഇയാളിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു. മൊഴിയെടുക്കാനായി പൊലീസ് എത്തുമ്പോഴെല്ലാം ഭയന്നരണ്ടിരിക്കുകയായിരുന്നു യുവാവ്. ഒരു ഡേറ്റിംഗ് ആപ്പ് വഴി പെൺകുട്ടിയെ പരിചയപ്പെട്ടു. ഒരാഴ്ചയോളം സംസാരിച്ചു. പിന്നാലെ, ഇപ്പോൾ സസ്പെൻഷനിലിരിക്കുന്ന രണ്ട് പൊലീസുകാരും ചേർന്ന് തന്നിൽ നിന്നും 27,000 രൂപ തട്ടിയെടുത്തുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പെൺകുട്ടി എടുത്ത മുറിയിലേക്ക് യുവാവ് ചെല്ലുകയായിരുന്നു. അവിടെ വച്ചാണ് പൊലീസുകാർ ഇയാളോട് പണം തട്ടിയത്.
ഏപ്രിൽ 16 -ന് പീര ഗർഹിയിൽ വച്ച് കാണണമെന്ന് പെൺകുട്ടി യുവാവിനോട് ആവശ്യപ്പെട്ടു. ശേഷം പെൺകുട്ടി നിഹാൽ വിഹാറിലെ ശിവ് റാം പാർക്കിലെ റൂമിലേക്ക് ഇ-റിക്ഷയിൽ യുവാവിനെ കൊണ്ടുപോവുകയായിരുന്നു. ആ മുറി നേരത്തെ തന്നെ പൊലീസുകാർ വാടകയ്‍ക്ക് എടുത്തിട്ടതായിരുന്നു. പെൺകുട്ടിയും യുവാവും മുറിയിലെത്തിയതിന് പിന്നാലെ ഇരു പൊലീസുകാരും റൂമിലെത്തി. യുവാവിന് എതിരെ പെൺകുട്ടി ഉപദ്രവിച്ചതായി പരാതി നൽകിയിട്ടുണ്ട്. കേസെടുക്കാതിരിക്കണമെങ്കിൽ പണം നൽകണം എന്ന് ആവശ്യപ്പെട്ടായിരുന്നു യുവാവിൽ നിന്നും പണം തട്ടിയത്.
27,000 രൂപയാണ് ആവശ്യപ്പെട്ടത്. വിവരം പുറത്ത് പറഞ്ഞാൽ വ്യാജ ബലാത്സംഗ പരാതി നൽകും എന്നും യുവാവിനെ പൊലീസുകാർ ഭീഷണിപ്പെടുത്തിയത്രെ. ഏതായാലും വിവരമെല്ലാം കാണിച്ച് പൊലീസിന് പരാതി നൽകാൻ യുവാവ് തീരുമാനിക്കുകയായിരുന്നു. പൊലീസുകാരെ സംഭവത്തിന് പിന്നാലെ സസ്പെൻഡ് ചെയ്തു. വിശദമായ അന്വേഷണം നടക്കുകയാണ്.