കൊച്ചി : അടുത്ത അധ്യയന വർഷം മുതൽ ലൈംഗിക അതിക്രമം തടയാനുള്ള ബോധവൽക്കരണം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്‌ഇയ്ക്കുമാണ് നിർദ്ദേശം. വിദ്യാർത്ഥികളുടെ പ്രായത്തിനനുസരിച്ച് പാഠ്യപദ്ധതി എങ്ങനെ തയ്യാറാക്കണം എന്ന് തീരുമാനിക്കാൻ ഒരു വിദഗ്‌ദ്ധസമിതിയെ രണ്ടുമാസത്തിനകം നിയമിക്കണം. അവർ ആറുമാസത്തിനകം റിപ്പോർട്ട് നൽകണം. റിപ്പോർട്ട് കിട്ടിയാൽ 2023‐24 അധ്യയനവർഷം മുതൽ നടപ്പാക്കണം.
പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം വിഷയമായി ഉൾപ്പെടുത്തുന്പോൾ അമേരിക്കയിലെ 37 സംസ്ഥാനങ്ങളിൽ അംഗീകരിക്കപ്പെട്ട എറിൻസ് ലോ മാർഗ്ഗരേഖയായി സ്വീകരിക്കാം എന്നും കോടതി പറഞ്ഞു. ഒരു പോക്സോ കേസിലെ ജാമ്യാപേക്ഷ തീർപ്പാക്കിക്കൊണ്ടുള്ള വിധിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ഈ നിർദേശങ്ങൾ.