ബംഗാൾ : തനിക്കെതിരായുള്ള ലൈംഗിക പീഡനപരാതിയില്‍ അന്വേഷണവുമായി സഹകരിക്കരുതെന്ന് ബംഗാളിലെ രാജ്ഭവന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കി ഗവര്‍ണര്‍ സി.വി.ആനന്ദബോസ്. ഗവര്‍ണര്‍ക്കെതിരെ ക്രിമിനല്‍ നടപടി പാടില്ലെന്നാണ് ചട്ടം എന്ന് വ്യക്തമാക്കിയാണ് നടപടി. അതേസമയം ലൈംഗിക അതിക്രമ പരാതിയില്‍ രാജ്ഭവന് ജീവനക്കാരെ വീണ്ടും വിളിപ്പിച്ചിരിക്കുകയാണ് ബംഗാള്‍ പൊലീസ്. നാളെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്പില് ഹാജരാകണം എന്നാണ് നിര്‍ദേശം.
ഇന്നലെ മൂന്ന് രാജ്ഭവന് ജീവനക്കാരെയും രാജ്ഭവനില്‍ നിയോഗിക്കപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥനെയുമാണ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. ഇതില്‍ പൊലീസ് ഉദ്യോഗസ്ഥന് മാത്രമാണ് ഹാജരായത്. രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരിയെ രണ്ട് ദിവസങ്ങളിലായി ലൈംഗികാതിക്രമത്തിന് ഇരയാക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചുവെന്നാണ് പരാതി. ഭരണഘടനയുടെ അനുച്ഛേദം 361 പ്രകാരം ഗവര്‍ണര്‍മാര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ സാധ്യമല്ല. രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് തേടിയിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ല.