കോഴിക്കോട്: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും കേസ്. കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയുടെ പരാതിയിലാണ് കേസെടുത്തത്. 2020ൽ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. സിവികിനെതിരായ ആദ്യ പരാതിയിലും കേസെടുത്തത് കൊയിലാണ്ടി പൊലീസ് തന്നെയാണ്. കേസെടുത്ത് മൂന്നാഴ്ചയോളം ആയിട്ടും ഈ പരാതിയിൽ സിവിക് ചേന്ദ്രനെ അറസ്റ്റ് ചെയ്യാൻ പൊലീസിനായിട്ടില്ല. സിവിക് സംസ്ഥാനം വിട്ടതായാണ് പൊലീസ് പറയുന്നത്.
ഇതിനിടെ ആദ്യ പരാതിയെ തുടർന്നെടുത്ത കേസിൽ സിവിക് ചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ കോടതി ഇന്ന് വിധി പറയും. വിശദമായ വാദം കേൾക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ച് കഴിഞ്ഞ ദിവസം മുഖൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകും വരെ സിവികിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു.
സിവിക്കിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ദളിത് സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം നടപടിയുണ്ടായില്ലെങ്കിൽ ഉത്തരമേഖല ഐജി ഓഫീസിന് മുന്നിൽ പ്രക്ഷോഭം തുടങ്ങുമെന്നാണ് ദളിത് സംഘടനകളുടെ മുന്നറിയിപ്പ്. സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരുമടങ്ങുന്ന നൂറ് പേര്‍, പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. അതേസമയം ഒരു വിഭാഗം എഴുത്തുകാർ ഇപ്പോഴും സിവികിനെ ന്യായീകരിക്കുകയാണ്.
സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയിൽ കൂടുതൽ വെളിപ്പെടുത്തലുമായി ആദ്യം പരാതി നൽകിയ യുവ എഴുത്തുകാരി രംഗത്തെത്തിയിരുന്നു. ‘വുമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് ‘ പേജിലാണ് തന്നോട് സിവിക് ചന്ദ്രൻ ലൈംഗിക അതിക്രമം നടത്തിയത് യുവതി വിശദീകരിച്ചത്. ഒരു സൗഹൃദ സദസ്സിന് ശേഷം, വഴിയിൽ വച്ച് കയ്യിൽ കയറി പിടിക്കുകയും ശരീരത്തോട് ചേർത്ത് നിർത്താൻ ശ്രമിക്കുകയും ചെയ്തെന്നും, മോശമായി പെരുമാറിയെന്നുമാണ് വെളിപ്പെടുത്തൽ.