അടൂർ: അമ്മയുടെ കൺമുന്നിൽനിന്ന് പ്രായപൂർത്തിയാകാത്ത മകളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം മുളവന ബിജുഭവനിൽ ബി.എസ്. സിദ്ധാർഥിനെയാണ് (ശ്രീക്കുട്ടൻ-22) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. മാർച്ച് 28ന് വൈകീട്ടാണ് സംഭവം.
പെൺകുട്ടി അമ്മയോടൊപ്പം അടൂർ പാർഥസാരഥി ക്ഷേത്രം ജങ്ഷനു സമീപത്തുകൂടി നടന്നുവരുമ്പോൾ അടുത്തെത്തിയ യുവാവ് ബൈക്കിൽ പെൺകുട്ടിയെ കയറ്റി കടന്നുകളയുകയായിരുന്നു. ഇരുവരും നേരത്തേ പരിചയക്കാരായിരുന്നുവെന്നും പറയുന്നു. സുഹൃത്തിന്റെ വീട്ടിലേക്കാണ് ഇവർ പോയത്.
പെൺകുട്ടിക്ക് 22 വയസ്സുണ്ടെന്ന് സുഹൃത്തിനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് അറസ്റ്റ്. അടൂർ ഡിവൈ.എസ്.പി ആർ. ജയരാജിന്റെ നിർദേശാനുസരണം അടൂർ എസ്.എച്ച്.ഒ ആർ. രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.