പാലക്കാട്∙ ബസിനുള്ളിൽ പതിനഞ്ചുകാരിയോട് ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരൻ അറസ്റ്റിലായി. മലപ്പുറം വട്ടങ്കുളം സ്വദേശി കൊട്ടാരത്തിൽവീട്ടിൽ അബ്ദുൽ റസാഖ് (48)നെയാണ് തൃത്താല പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടാമ്പി – എടപ്പാൾ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണു പ്രതി.കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം. സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിക്കുനേരെ ബസിൽവച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു പ്രതി. സ്കൂളിലെത്തിയ വിദ്യാർഥിനി അധ്യാപകരോടു വിവരം പറഞ്ഞു. തുടർന്ന് അധ്യാപകർ തൃത്താല പൊലീസിൽ പരാതിപ്പെട്ടതോടെ എസ്ഐ ഷാജിയുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.