ചെന്നൈ: സഹപ്രവര്‍ത്തകയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തമിഴ്‌നാട് മുന്‍ ഡിജിപിക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. മുന്‍ സ്‌പെഷ്യല്‍ ഡിജിപി രാജേഷ് ദാസിനെയാണ് വില്ലുപുരം പോലീസ് ശിക്ഷിച്ചത്. 2021 ഫെബ്രുവരിയില്‍ ഒരു ജൂനിയര്‍ ഓഫീസര്‍ നല്‍കിയ ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ഇയാളെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന എടപ്പാടി കെ.പളനിസാമിയുടെ സുരക്ഷാചുമതലയുടെ ഭാഗമായി യാതചെയ്യവെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ രാജേഷ് കാറില്‍വച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് പരാതി.
ഫെബ്രുവരി 21ന് രാത്രി തിരുച്ചിറപ്പള്ളി-ചെന്നൈ ഹൈവേയില്‍ വച്ചായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോയതിന് പിന്നാലെ വിഐപി ഡ്യൂട്ടി കഴിഞ്ഞ് സ്പെഷ്യല്‍ ഡിജിപിയും സംഘവും ചെന്നൈയിലേക്കു മടങ്ങുകയായിരുന്നു. മുതിര്‍ന്ന ഓഫിസറെ സ്വീകരിക്കേണ്ട ചുമതല നിയോഗിക്കപ്പെട്ട പരാതിക്കാരി സല്യൂട്ട് ചെയ്ത് വാഹനവ്യൂഹത്തിനൊപ്പം സഞ്ചരിക്കുകയാണ് പതിവ്. എന്നാല്‍ സ്പെഷ്യല്‍ ഡിജിപി രാജേഷ് ദാസ് വനിതാ ഓഫിസറോടു തന്റെ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കാറിനുള്ളില്‍ വച്ച് ഡിജിപിയില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായെന്ന് പരാതിയില്‍ പറയുന്നു.