ഇടുക്കി: ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകക്കേസിൽ കെഎസ് യു പ്രവർത്തകരായ രണ്ടു പേർ കീഴടങ്ങി. കെഎസ് യു ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാടൻ, സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് കുളമാവ് സ്റ്റേഷനിൽ കീഴടങ്ങിയത്. രണ്ടു പേരും ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിക്കൊപ്പം ഉണ്ടായിരുന്നവരാണ്. ടോണിയാണ് തന്നെ കുത്തിയതെന്നാണ് പരിക്കേറ്റ് ചികിത്സയിലുള്ള അഭിജിത്തിന്റെ മൊഴി.
അതിനിടെ ധീരജ് കൊലക്കേസിലെ രണ്ടു പ്രതികളെ കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ നൽകി. റിമാൻറിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലിയെയും ജെറിൻ ജോജോയേയും പത്തു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം. കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കുന്നതിനും കൂടുതൽ അന്വേഷണങ്ങൾക്കുമായാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ ഇടുക്കി കോടതി നാളെ പരിഗണിച്ചേക്കും. അതേ സമയം ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിനിടെ ചങ്ങനാശ്ശേരി പെരുന്നയിലെ കോൺഗ്രസ് ഹൗസിന് നേരെ കല്ലേറുണ്ടായി. പെരുന്ന ബസ് സ്റ്റാൻഡ് അങ്കണത്തിൽ കെ.സുധാകരന്റെ കോലം കത്തിച്ചായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. ഇതിന് പിന്നാലെയാണ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു.