തിരുവനന്തപുരം : ശബരിമലതീർത്ഥാടനം ബന്ധപ്പെട്ട വകുപ്പുകളുടെ കെടുകാര്യസ്ഥതയും, പരസ്പരമുള്ള ഏകോപനമില്ലായ്മയും മൂലം ദുസ്സഹമായിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി തന്നെ പമ്പയിലെത്തി അടിയന്തരയോഗം വിളിച്ചുകൂട്ടി പ്രശ്നപരിഹാരം കാണണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ശബരിമലയിലെ സംവിധാനങ്ങളുടെ കാര്യത്തിൽ നിലവിലുള്ള പരാതികൾക്ക് ആഭ്യന്തര വകുപ്പും ദേവസ്വം വകുപ്പും അന്യോന്യം പഴി ചാരുകയാണ്.
അതുപോലെ,ശബരിമലയിലേക്കുള്ള കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ സർവ്വീസുകളെക്കുറിച്ച് തീർത്ഥാടകരുടെ പരാതികൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്.ഇത്തവണ ആവശ്യാനുസരണം സ്പെഷ്യൽ ബസ്സുകൾ അലോട്ടു ചെയ്തിട്ടില്ലെന്നു മാത്രമല്ല, മോശപ്പെട്ട ബസ്സുകളാണ് സർവ്വീസിന് അയച്ചിരിക്കുന്നത്.അതുകൊണ്ട് ഉള്ള ബസ്സുകളിൽ തീർത്ഥാടകരെ കുത്തിനിറച്ചാണ് കൊണ്ടുപോകുന്നത്. ഇക്കാരണത്താൽ, പകലും രാത്രിയും ദീർഘയാത്ര ചെയ്യുന്ന അയ്യപ്പന്മാർക്ക് യാത്ര ദുരിതപൂർണ്ണമാകുന്നു.
ശബരിമല സ്പെഷ്യൽ ബസ്സുകളിൽ തീർത്ഥാടകർക്ക് അമിത ബസ്ചാർജ്ജാണ് ഈടാക്കുന്നത്. യു.ഡി.എഫ്. സർക്കാർ ഈ ചൂഷണം അവസാനിപ്പിച്ചതാണ്. പമ്പയിൽനിന്ന് നിലയ്ക്കലേക്ക് കൺഡക്ടർ ഇല്ലാതെ ഡ്രൈവർ മാത്രമുള്ള സർവീസ് കെ.എസ്.ആർ.ടി.സി. പരീക്ഷിക്കുകയാണ്. ഇത് തീർത്ഥാടകരെ, പ്രത്യേകിച്ച് അന്യസംസ്ഥാന തീർത്ഥാടകരെ വലയ്ക്കുന്നു. സാധാരണപോലെ ബസ്സിനകത്ത് ടിക്കറ്റെടുക്കാമെന്നു കരുതി കയറുന്ന തീർത്ഥാടകരാണ് ബുദ്ധിമുട്ടിലാകുന്നത്.
കെ.എസ്.ആർ.ടി.സി.യുടെ കാര്യക്ഷമതയില്ലായ്മയിൽ ദേവസ്വം മന്ത്രിതന്നെ തന്റെ നീരസം പരസ്യമായി പ്രകടിപ്പിക്കുകയുണ്ടായി. ഇങ്ങനെ പോയാൽ മണ്ഡല പൂജ, മകരവിളക്ക് സമയങ്ങളിൽ പ്രശ്നങ്ങൾ അത്യന്തം രൂക്ഷമാകാനാണ് സാധ്യത. അതുകൊണ്ട്മുഖ്യമന്ത്രി പമ്പയും നിലയ്ക്കലും സന്ദർശിച്ച ശേഷം പമ്പയിൽ ബന്ധപ്പെട്ട വകുപ്പുകളുടെ അവലോകനയോഗം വിളിച്ച് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുകയാണ് വേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.