പാലക്കാട് : പാലക്കാട്ടെ തുടര്‍ കൊലപാതകങ്ങളിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഷാഫി പറമ്പിൽ എംഎൽഎ. മുന്നറിയിപ്പുകൾ പോലീസ് അവഗണിച്ചുവെന്നും കൊലപാതകങ്ങൾ തടയാനാകാതിരുന്ന പോലീസും ആഭ്യന്തര വകുപ്പും പരാജയമാണെന്നും ഷാഫി പ്രതികരിച്ചു. തുടര്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ വിളിച്ച് ചേര്‍ത്ത സർവകക്ഷി സമാധാന യോഗവുമായി കോൺഗ്രസ് സഹകരിക്കുമെന്നറിയിച്ച ഷാഫി, നേതൃത്വങ്ങൾ വിചാരിച്ചാൽ അക്രമം അവസാനിപ്പിക്കാനാകുമെന്നും അഭിപ്രായപ്പെട്ടു. വർഗീയ കൊലപാതക രാഷ്ട്രീയത്തിനെതിരായ ക്യാമ്പയിൻ മുസ്ലിം ലീഗ് ശക്തമാക്കുമെന്ന് മുസ്ലിം ലീജ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി അറിയിച്ചു.
വർഗീയ – കൊലപാതക രാഷ്ട്രീയം കളിക്കുന്നവർക്ക് ചേർന്ന മണ്ണല്ല കേരളമെന്ന് ഇത്തരക്കാർ തിരിച്ചറിയണം. ഇത്തരം രാഷ്ട്രീയത്തിന് അവസരം നൽകിയാൽ എന്തുണ്ടാകും എന്നതിന് ഉദാഹരമാണ് പാലക്കാട് കണ്ടതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. 24 മണിക്കൂറിനിടെയുണ്ടായ രണ്ട് കൊലപാതകങ്ങളുടെ നടുക്കത്തിലാണ് പാലക്കാട് ജില്ല. പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് അനുഭാവികളാണ് ഒരു ദിവസത്തിന്റെ ഇടവേളയിൽ കൊല്ലപ്പെട്ടത്. തുടരെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന ജില്ലയിൽ ക്രമ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കൊലപാതകങ്ങളെ തുടർന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും. നാളെ (ഏപ്രിൽ 18) വൈകീട്ട് 3.30 നാണ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷി യോഗം ചേരുക.