കൊച്ചി : കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രക്ഷോഭം ശക്തമാക്കുമെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ. യുവാക്കളുടെ തൊഴിൽ സാധ്യതകൾ തച്ചു തകർക്കുന്ന ജെസിബിയാണ് അഗ്നിപഥ് പദ്ധതിയെന്നും കേന്ദ്രസർക്കാർ കൊണ്ടു വന്ന പദ്ധതി അഗ്നിപഥ് അല്ലെന്നും അഗ്നിഅബദ്ധ് ആണെന്നും ഷാഫി പരിഹസിച്ചു. അതേസമയം എറണാകുളം കളക്ട്രേറ്റിലേക്ക് യൂത്ത് കോണ്ഗ്രസ് നടത്തിയ മാർച്ചിൽ വലിയ സംഘർഷമുണ്ടായി പൊലീസും യൂത്ത് കോണ്ഗ്രസും പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ മറുനാടൻ മലയാളി റിപ്പോർട്ടർ പീയൂഷിന് പരിക്കേറ്റു.
കേന്ദ്രസർക്കാരിൻ്റെ പുതിയ സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെ ചൊല്ലിയുള്ള പ്രതിഷേധത്തിൽ മൂന്നാം ദിവസവും വ്യാപക അക്രമം. ബിഹാറില്‍ പ്രതിഷേധക്കാര്‍ നാല് ട്രെയിനുകള്‍ കത്തിച്ചു. ഉപമുഖ്യമന്ത്രി രേണുദേവിയുടെ വീടിന് നേരെയും ആക്രമണമുണ്ടായി. ദില്ലി അടക്കം രാജ്യത്തിൻറെ കൂടുതൽ ഭാഗത്തേയ്ക്ക് പ്രതിഷേധം പടരുന്നത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്.
റിക്രൂട്ട്മെൻ്റിനുള്ള പ്രായപരിധി 23 ആക്കി ഉയര്‍ത്തിയുള്ള സർക്കാർ നീക്കത്തിനും അഗ്നിപഥ് വിരുദ്ധ പ്രതിഷേധത്തെ തണുപ്പിക്കാനായിട്ടില്ല. ബിഹാറിലും യുപിയിലും വിദ്യാർത്ഥികള്‍ അടക്കമുള്ള യുവാക്കള്‍ രാവിലെയോടെ പ്രതിഷേധവുമായി നിരത്തിലിറങ്ങി. പലയിടത്തും ട്രെയിനുകള്‍ക്കും ബസുകള്‍ക്കും നേരെയായിരുന്നു രോഷ പ്രകടനം. സമ്പർക്ക് ക്രാന്തി എക്സ്പ്രസ്, ജമ്മുതാവി വിക്രംശില, ധാനാപൂര്‍ ഫറാക്ക എകസ്പപ്രസ് എന്നീ ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. ബിഹാറിലെ ലാക്മിനയയില്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ തീയിട്ടു. ആര റെയില്‍വെ സ്റ്റേഷനിലും ലക്കിസരായിലും അക്രമം ഉണ്ടായി. ടയറുകള്‍ കത്തിച്ച് പാളത്തില്‍ ഇട്ടതോടെ പലയിടത്തും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. യുപിയിലെ ബല്ലിയയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ സമരക്കാർ അടിച്ചുതകർത്തു.
ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ രേണുദേവിയുടെ ബേട്ടിയയിലെ വീടിന് നേരെയും ആക്രമണം ഉണ്ടായി. വലിയ നാശനഷ്ടം സംഭവിച്ചതായും രേണുദേവി ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും കുടുംബാഗങ്ങള്‍ പറഞ്ഞു. ബിഹാറിനും യുപിക്കും പുറമെ മധ്യപ്രദേശിലെ ഇന്‍ഡോറിലും പശ്ചിമബംഗാളിലെ ഹൗറയിലും ഇന്ന് പ്രതിഷേധം നടന്നു. ദില്ലിയിലെ ഐടിഒയില്‍ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു അഗ്നിപഥിനെതിരായ പ്രതിഷേധം. സംഘര്‍ഷം ശക്തപ്പെടുന്ന സാഹചര്യത്തില്‍ ബിഹാര്‍ ഹരിയാന യുപി സംസ്ഥാനങ്ങളില്‍ വലിയ സുരക്ഷ ഏര്‍പ്പെടുത്തിയുട്ടുണ്ട്.