കുറിച്ച് വെച്ചോളു, റെക്കോർഡ് ഭൂരിപക്ഷത്തിന് ചാണ്ടി ജയിക്കുമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. പുതുപ്പള്ളിയിൽ പരസ്യപ്രചാരണത്തിെൻറ കലാശക്കൊട്ടിൽ പങ്കാളിയായ ശേഷം ഷാഫി പറമ്പിൽ ഫേസ് ബുക്കിൽ കുറിച്ചതിങ്ങനെയാണ് “കുറിച്ച് വെച്ചോളു, റെക്കോർഡ് ഭൂരിപക്ഷത്തിന് ചാണ്ടി ജയിക്കും. പുതുപ്പള്ളിയുടെ നെഞ്ചിനുള്ളിൽ മൂവർണ്ണക്കടലാണ്”.ഒരു മാസത്തോളം നീണ്ടുനിന്ന പരസ്യപ്രചാരണം ആറുമണിയോടെ സമാപിച്ചു. പരസ്യപ്രചാരണം അവസാനിച്ച പുതുപ്പള്ളിയിൽ സെപ്തംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും. പ്രവർത്തകർക്ക് വലിയ ആവേശം നൽകുന്ന റോഡ‍് ഷോകളുമായി മൂന്ന് മുന്നണികളുടെയും നേതാക്കൾ പുതുപ്പള്ളിയിൽ ആവേശം തീർത്തു. കൊട്ടിക്കലാശത്തിന്‍റെ അവസാന നിമിഷത്തിൽ പുതുപ്പള്ളി കടക്കുമ്പോൾ പ്രവർത്തകരുടെ ആവേശവും അലയടിച്ചുയരുകയാണ്. കൊട്ടിക്കലാശം നടക്കുന്ന പാമ്പാടിയിലേക്ക് കൊടികളും തോരണങ്ങളുമായി പ്രവർത്തകർ നിറഞ്ഞിരുന്നു. കൊട്ടിക്കലാശത്തിന്‍റെ അവസാന നിമിഷത്തിലേക്ക് കടന്ന പുതുപ്പള്ളിയിൽ ചർച്ചയാകുന്നത് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പോത്ത് പരാമർശവും ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദ ഓഡിയോയുമാണ്. ആരോപണ, പ്രത്യാരോപണങ്ങൾക്കിടയിലും യു.ഡി.എഫും എൽ.ഡി.എഫും ആത്മവിശ്വാസം കൈവിടുന്നില്ല. ഇത്തവണ മണ്ഡലം എൽ.ഡി.എഫ് പിടിച്ചെടുക്കുമെന്ന് പറയുമ്പോൾ, മറുപക്ഷത്ത് കേരള നിയമസഭയുടെ ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷമാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്.
കോട്ടയം-കുമളി ദേശീയപാതയില്‍ പാമ്പാടി കാളച്ചന്ത കവല മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗം സി.പി.എമ്മിനും, ബസ് സ്റ്റാന്‍ഡ് മുതല്‍ പാമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസ് വരെയുള്ള ഭാഗം കോണ്‍ഗ്രസിനും കൊട്ടിക്കലാശത്തിന് അനുവദിച്ചിട്ടുണ്ട്. പഞ്ചായത്ത് മുതല്‍ താലൂക്ക് ആശുപത്രിപടിവരെ ആം ആദ്മി പാര്‍ട്ടിക്കും, ആശുപത്രി മുതല്‍ ആലാംപള്ളി വരെ ബി.ജെപിക്കുമാണ് അനുവദിച്ചിട്ടുള്ളത്. കൊട്ടിക്കലാശം കണക്കിലെടുത്ത് ദേശീയ പാതയില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.