പാലക്കാട് : സിപിഎം പ്രവർത്തകൻ ഷാജഹാനെ കൊലപ്പെടുത്തിയതിന് കാരണം പാർട്ടിയിൽ അദ്ദേഹത്തിനുണ്ടായ വളർച്ചയിലെ അതൃപ്തിയിലെന്ന് പൊലീസ്. ഷാജഹാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിലുള്ള അതൃപ്തിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പാലക്കാട് എസ് പി ആര് വിശ്വനാഥ് വിശദീകരിക്കുന്നത്. പ്രതികൾക്ക് ഷാജഹാനോട് വ്യക്തി വൈര്യാഗം ഉണ്ടായിരുന്നു. പ്രതികളിലൊരാളായ നവീൻ, രാഖി കെട്ടിയത് ഷാജഹാൻ ചോദ്യം ചെയ്തിരുന്നു. രാഖി ഷാജഹാൻ പൊട്ടിച്ചതും വിരോധം കൂട്ടി. എന്നാൽ രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഉറപ്പിക്കാൻ ഫോൺ രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
2019 മുതൽ തന്നെ ഷാജഹാനുമായി പ്രതികൾക്ക് വിരോധമുണ്ട്. ഷാജഹാൻ്റെ സിപിഎമ്മിലെ വളർച്ചയിൽ പ്രതികൾക്ക് എതിർപ്പുണ്ടായി. പ്രതികൾ പിന്നീട് സിപിഎമ്മുമായി അകന്നു. ഇത് ഷാജഹാൻ ചോദ്യം ചെയ്തു. ഇതോടൊപ്പം പ്രതികൾ രാഖി കെട്ടിയതടക്കം ഷാജഹാൻ ചോദ്യം ചെയ്തു. കൊലപാതക ദിവസം ഫ്ളക്സ് ബോർഡ് സ്ഥാപിക്കുന്നതിലും തർക്കം ഉണ്ടായി. ഈ തർക്കം കൊലപാതകത്തിലേക്ക് നയിച്ചു.
രാഖികെട്ടൽ, ഗണേഷോത്സവം, ശ്രീകൃഷ്ണ ജയന്തി ഫ്ലെക്സ് ബോർഡ് വയ്ക്കുന്നതിൽ അടക്കം ഷാജഹാനുമായി പ്രതികൾക്ക് പ്രശ്നം ഉണ്ടായി. പക മൂത്ത് പ്രതികൾ അവരുടെ വീട്ടിൽ നിന്ന് വാളുകൾ എടുത്തു കൊണ്ടുവന്ന് ഷാജഹാനെ വെട്ടുകയായിരുന്നു. ശത്രുത വർധിക്കാൻ മറ്റു കാരണങ്ങളുണ്ടോയെന്നും പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
നിലവിൽ നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. എട്ടിൽ കൂടുതൽ പേർ കസ്റ്റഡിയിലുണ്ട്. എല്ലാവരെയും ചോദ്യം ചെയ്യുകയാണെന്നും ഗൂഢാലോചന, സഹായം, എന്നിവ പരിശോധിച്ചുവരികയാണെന്നും പൊലീസ് വിശദീകരിച്ചു. കേസിൽ നാല് പ്രതികളുടെ അറസ്റ്റാണ് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയത്. നവീൻ, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവർ നാല് പേരും നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരാണ്. നവീനെ പൊള്ളാച്ചിയിൽ നിന്നാണ് പിടിച്ചത്. ബാക്കി മൂന്നുപേരെ മലമ്പുഴ കവയിൽ നിന്നും പിടികൂടി.