കോഴിക്കോട് : എലത്തൂരിൽ ട്രെയിനിന് തീവെച്ച കേസിൽ ഷഹറൂഖ് സെയ്ഫി പിടിയിലായത് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ. ശരീരത്തിൽ പൊള്ളലേറ്റും മുറിവേറ്റുമുള്ള പരിക്കുകളോടെയാണ് മഹാരാഷ്ട്രയിൽ വച്ച് ഇയാൾ പിടിയിലാകുന്നത്. പരിക്കിന് രത്നഗിരി സിവിൽ ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയിരുന്നു. ഇതിനിടെ ഇന്നലെ അർദ്ധരാത്രിയിലാണ് സെയ്ഫിയെ മുംബൈ എടിഎസ് സംഘം പിടികൂടിയത്. കേന്ദ്ര ഏജൻസികൾ നൽകിയ വിവരത്തെ തുടർന്നാണ് സംഘം പരിശോധന നടത്തിയതും പ്രതിയെ പിടികൂടിയതും.
ഇന്നലെ പ്രതി രത്നഗിരിയിൽ ഉണ്ടന്ന ഇന്റലിജൻസ് വിവരം കിട്ടി. തുടർന്ന് ആശുപത്രികളിൽ തിരച്ചിൽ നടത്തി. എന്നാൽ പൊലീസ് എത്തുന്നതിന് മുൻപ് അവിടെ നിന്ന് മുങ്ങിയ പ്രതിയെ രത്നഗിരി സ്റ്റേഷനിൽ നിന്ന് പിടികൂടുകയായിരുന്നു. രാജ്യവ്യാപകമായി പരിശോധന നടത്തുന്നതിനിടെയാണ് പ്രതി മഹാരാഷ്ട്രയിൽ വച്ച് പിടിയിലാകുന്നത്. ഇയാളുടെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
മൂന്ന് പേരാണ് ആക്രമണത്തിൽ ഭയന്ന് ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയതിനെ തുടർന്ന് മരിച്ചത്. എട്ട് പേർക്കും പരിക്കേറ്റിരുന്നു. പരിശോധനയ്ക്കായി കേരള പൊലീസ് പ്രത്യേക സംഘം ദില്ലിയിലേക്ക് പുറപ്പെട്ടിരുന്നു. ഷഹറൂഖിന്റെ നാടായ ഷഹീൻ ബാഗിലെത്തി ഇയാളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. രാജ്യവ്യാപകമായി പ്രതിക്കായി നടത്തിയ സംയുക്ത നീക്കത്തിലാണ് നാലാം ദിവസം പ്രതി പിടിയിലാകുന്നത്. ട്രെയിൻ മാർഗമാണ് ഇയാൾ മഹാരാഷ്ട്രയിലെത്തിയത്.