കോഴിക്കോട്: മോഡലും നടിയുമായ ഷഹാനയുടെ മരണത്തിൽ പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണം പൂർത്തിയായി. കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും. ഭർതൃപീഡനം മൂലമാണു മരണമെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഷഹാനയുടെ ഡയറിക്കുറിപ്പുകളിൽ നിന്ന് ഇതു സംബന്ധിച്ച തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.
പറമ്പിൽ ബസാറിനു സമീപം ഗൾഫ് ബസാറിൽ ഭർത്താവ് സജാദിനൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്ന കെട്ടിടത്തിൽ മേയ് 13നു പുലർച്ചെയാണു ഷഹാനയെ മരിച്ച നിലയിൽ കണ്ടത്. കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതിയിൽ സജാദിനെ പിന്നീടു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യയാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണെങ്കിലും, ഭർത്താവിൽ നിന്നുള്ള പീഡനമാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഷഹാനയുടെ വീട്ടിൽ കണ്ടെത്തിയ ഡയറിയിൽ നിന്നാണു പീഡനത്തിന്റെ വ്യക്തമായ സൂചനകൾ ലഭിച്ചത്. 180 പേജുള്ള ഡയറിയിൽ 81 പേജുകളിൽ പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങൾ എഴുതി വച്ചിട്ടുണ്ട്.
ഷഹാനയുടെ മൊബൈൽ ഫോണും അനുബന്ധ ഉപകരണങ്ങളും പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയുടെ റിപ്പോർട്ട് രണ്ടു ദിവസത്തിനകം ലഭിക്കും. തുടർന്നു കുറ്റപത്രം സമർപ്പിക്കുമെന്നു പൊലീസ് അറിയിച്ചു.