ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസങ്ങളിലാണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും പേസര്‍ ഷഹീന്‍ അഫ്രീദിയും ഭിന്നതകളുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഏഷ്യാ കപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായതിന് ശേഷമായിരുന്നു വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടിരിക്കുകയാണ് ഇരുവരും. അഫ്രീദിയുടെ വിവാഹ സല്‍ക്കാരത്തില്‍ ബാബര്‍ പങ്കെടുത്തു. ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോയകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ മകള്‍ അന്‍ഷ അഫ്രീദിയെയാണ് ഷഹീന്‍ വിവാഹം കഴിച്ചത്. ചടങ്ങില്‍ ബാബറും ഷഹീനും ഒരുമിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലായി. അതേ ദിവസം തന്നെ, ഷഹീന്‍ അഫ്രീദി ബാബറുമൊത്തുള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. ‘കുടുംബം’ എന്നാണ് ഷഹീന്‍ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനുള്ളിലെ ശക്തമായ സൗഹൃദവും ഐക്യവും സൂചിപ്പിക്കുന്നതായിരുന്നു പോസ്റ്റ്. ചില പോസ്റ്റുകള്‍ വായിക്കാം…
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കക്കെതിരായ മത്സരത്തിലെ തോല്‍വിക്ക് ശേഷം ഡ്രസ്സിംഗ് റൂമില്‍ സഹതാരങ്ങളെ കുറ്റപ്പെടുത്തി സംസാരിച്ച ബാബറിന് ഷഹീന്‍ കടുത്ത ഭാഷയില്‍ മറുപടി നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മോശം പ്രകടനത്തിന്റെ പേരില്‍ കളിക്കാരെ കുറ്റപെടുത്തുന്നതിനിടെ നന്നായി ബാറ്റ് ചെയ്തവരെയും ബൗള്‍ ചെയ്തവരെയും പറ്റിയും പറയാന്‍ ഷഹീന്‍ ബാബറിനോട് ആവശ്യപെടുകയായിരുന്നു. ആരൊക്കെ നന്നായി കളിച്ചുവെന്ന് തനിക്ക് അറിയാമെന്നായിരുന്നു ഇതിന് ബാബറിന്റെ മറുപടി. വാക് തര്‍ക്കം കടുത്തപ്പോള്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ ഇടപെട്ട് രംഗം ശാന്തമാക്കിയെന്നായിരുന്നു വാര്‍ത്ത.
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനോട് മാത്രമാണ് പാകിസ്ഥാന് ജയിക്കാനായത്. ഇന്ത്യയോട് 228 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെ സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയോടും പാക്കിസ്ഥാന്‍ തോറ്റിരുന്നു. ലോകകപ്പിന് മുന്നോടിയായി പാകിസ്ഥാന് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ടൂര്‍ണമെന്റായിരുന്നു ഏഷ്യാ കപ്പ്.