ബിഗ് ബോസ് മുന്‍ താരം റോബിന്‍ രാധാകൃഷ്ണനെതിരെ പൊലീസില്‍ പരാതിയുമായി സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫറായ ഷാലു പേയാട്. യുട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ റോബിന്‍ രാധാകൃഷ്ണനെതിരെ നിരവധി ആരോപണങ്ങള്‍ ഷാലു പേയാട് ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ റോബിന്‍റെ പ്രതിശ്രുത വധു കഴിഞ്ഞ ദിവസം ഷാലുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തനിക്കെതിരായ ഭീഷണികളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണെന്നാണ് ഷാലുവിന്‍റെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മലയന്‍കീഴ് പൊലീസിലും തിരുവനന്തപുരം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലുമാണ് ഷാലു പേയാട് പരാതി നല്‍കിയിരിക്കുന്നത്.
തനിക്കും തന്‍റെ കുടുംബത്തിനുമെതിരെ ഗുരുതരമായ വധഭീഷണികള്‍ നിലനില്‍ക്കുന്നതിനാലാണ് പരാതി നല്‍കുന്നതെന്ന് ഷാലു പേയാടിന്‍റെ പരാതിയില്‍ പറയുന്നു. “ബിഗ് ബോസ് താരം ഡോ. റോബിന്‍ രാധാകൃഷ്ണന്‍ എന്നയാള്‍ തന്‍റെ ഫാന്‍സിനെ ഉപയോഗിച്ച് എനിക്കും കുടുംബത്തിനുമെതിരെ നിരന്തരമായി വധഭീഷണി മുഴക്കിക്കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 6, 7 തീയതികളില്‍ റോബിനെക്കുറിച്ച് ഞാന്‍ ഫസ്റ്റ് റിപ്പോര്‍ട്ട് എന്ന ഓണ്‍ലൈന്‍ ചാനലിന് ഒരു ഇന്‍റര്‍വ്യൂ നല്‍കിയിരുന്നു. ഇതിനു ശേഷമാണ് എനിക്കെതിരെ വധഭീഷണി ആരംഭിച്ചത്. എനിക്ക് രണ്ട് പെണ്‍മക്കളാണ്. അവര്‍ സ്കൂളില്‍ പോകുമ്പോള്‍ അപരിചിതര്‍ വന്ന് നിങ്ങള്‍ ഷാലുവിന്‍റെ മക്കള്‍ ആണോ എന്ന് തിരക്കുകയും അവര്‍ക്ക് ഭയം ഉളവാക്കുകയും ചെയ്യുന്നു. വധഭീഷണി മുഴക്കുന്നവര്‍ക്ക് ആവേശം പകരുന്ന വിധത്തില്‍ റോബിന്‍ എനിക്കെതിരെ നിരവധി ഓണ്‍ലൈന്‍ ചാനലുകളില്‍ അഭിമുഖവും നല്‍കിക്കൊണ്ടിരിക്കുന്നു. ഇത് എന്നെയും കുടുംബത്തെയും അപായപ്പെടുത്തുക എന്ന വ്യക്തമായ ഉദ്ദേശത്തോടുകൂടിയാണ്. ഇതിനുവേണ്ടി റോബിന്‍ അദ്ദേഹത്തിന്‍റെ പി ആര്‍ ടീമുമായി ചേര്‍ന്ന് ആസൂത്രിത ഗൂഢാലോചന നടത്തിയതായും എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്.”
റോബിനുമായി തനിക്ക് അഞ്ച് മാസത്തെ പരിചയമാണ് തനിക്കുള്ളതെന്നും ചലച്ചിത്ര പ്രവര്‍ത്തകരുമായി പരിചയപ്പെടാന്‍ താന്‍ നിരവധി അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുത്തെന്നും ഷാലു പേയാട് പരാതിയില്‍ പറയുന്നു. “കോഴിക്കോട് ഉണ്ണി മുകുന്ദന്‍റെ ഒരു പരിപാടി തകര്‍ക്കാന്‍ റോബിന്‍ ആളെ വച്ച് കൂവിച്ച സംഭവമുണ്ടായി. ഇതിന്‍റെ മുഴുവന്‍ തെളിവുകളും എനിക്ക് ലഭിച്ചതോടെ ഞാന്‍ ഇക്കാര്യത്തെക്കുറിച്ച് റോബിനോട് ചോദിച്ചു. ഇതോടെ അയാള്‍ എന്നെ ശത്രുവായി പ്രഖ്യാപിക്കുകയായിരുന്നു”. റോബിന്‍റെ പ്രതിശ്രുത വധു ആരതി പൊടി തനിക്കൊപ്പം ഉണ്ടായിരുന്ന സമയത്ത് റോബിന്‍ ഫോണില്‍ വിളിച്ച് അവരെക്കുറിച്ച് പറഞ്ഞത് കേട്ട് അവര്‍ക്ക് പാനിക്ക് അറ്റാക്ക് ഉണ്ടായെന്നും ഇതിന്‍റെ കാരണം താനാണെന്ന് ഭീഷണിപ്പെടുത്തുന്നവര്‍ പറയുന്നുവെന്നും ഷാലുവിന്‍റെ പരാതിയില്‍ പറയുന്നു.