കോട്ടയം : കോട്ടയത്തെ ഷാൻ ബാബുവിന്റെ കൊലപാതകത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളായ ലുധീഷ് , സുധീഷ്, കിരൺ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇവരെല്ലാം കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. പുൽച്ചാടി ലുദീഷിനെ മർദിച്ചതിന് പ്രതികാരമായാണ് ഷാനെ കൊലപ്പെടുത്തിയത്. പ്രതികൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. പ്രധാന പ്രതി ജോമോനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഗുണ്ടാ ലഹരി സംഘാംഗങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.നിരവധി ഗുണ്ടകൾക്കെതിരെ ജില്ല ഭരണകൂടം റിപ്പോർട്ട് നൽകി കഴിഞ്ഞു. അതേസമയം കോട്ടയത്തെ ഷാൻ ബാബുവിന്റെ കൊലപാതകത്തിൽ പൊലീസിന് വീഴ്ചയില്ലെന്ന് എസ് പി ഡി ശിൽപ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഷാൻ ബാബുവിന്റെ അമ്മയുടെ പരാതി ലഭിച്ചപ്പോൾ തന്നെ നടപടിയെടുത്തിരുന്നു. പരാതി ലഭിച്ച ഉടൻ വാഹന പരിശോധന തുടങ്ങുകയും അലേർട്ട് നൽകുകയും ചെയ്തു. മുഖ്യപ്രതി ജോമോൻ കെ ജോസിന്റെ വീട്ടിലും പൊലീസ് എത്തിയിരുന്നു. കേസിൽ പങ്കുള്ള അഞ്ച് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തെന്നും എസ് പി ഡി ശിൽപ വ്യക്തമാക്കിയിരുന്നു. ഷാൻ ബാബുവിനെ തട്ടികൊണ്ട് പോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ജോമോന്റെ കൂട്ടാളിയായ ഷാനിന്റെ സുഹൃത്ത് മർദിച്ചതാണ് വൈരാഗ്യത്തിന് പിന്നിലെ കാരണം. കൊല്ലപ്പെട്ട ഷാൻ ബാബു കഞ്ചാവ് കേസിലെ പ്രതിയാണെന്നും എസ് പി ഡി ശിൽപ വിശദീകരിച്ചു.