കോട്ടയം : കീഴുക്കുന്ന് സ്വദേശി ഷാന്‍ ബാബുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ മുന്നില്‍ കൊണ്ടിട്ട സംഭവത്തില്‍ പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി(ഒന്ന്)യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജോമോന്‍ ജോസഫ് (38), ലുതീഷ് (28), സുധീഷ് (21), കിരണ്‍ (23) ബിനുമോന്‍ (30) എന്നിവരാണ് കേസിലെ പ്രതികള്‍. തിങ്കളാഴ്ചയാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഷാനിനെ തട്ടിക്കൊണ്ടുപോയപ്പോള്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ എന്നിവ തെളിവെടുപ്പിനിടെ വീടുകളില്‍ നിന്നു കണ്ടെടുത്തു. പ്രതികള്‍ ഷാനിനെ ഓട്ടോറിക്ഷയില്‍ കയറ്റിയ സ്ഥലം, ഓട്ടോറിക്ഷ സഞ്ചരിച്ച സ്ഥലങ്ങള്‍, പ്രതികള്‍ ഒരുമിച്ച് മദ്യപിച്ച സ്ഥലം, ഭക്ഷണം കഴിച്ച സ്ഥലം, ഷാനിനെ കൊലപ്പെടുത്തിയ മാങ്ങാനം ആനത്താനം ചതുപ്പ് സ്ഥലം, തിരികെ ഓട്ടോറിക്ഷയില്‍ ജോമോന്‍ ഷാനിന്റെ മൃതദേഹവുമായി വന്ന റോഡ്, ഓട്ടോറിക്ഷ നിര്‍ത്തി ഷാനിന്റെ മൃതദേഹം ജോമോന്‍ തോളില്‍ ചുമന്ന് സ്റ്റേഷന്റെ വളപ്പില്‍ ഇട്ട സ്ഥലം എന്നിവിടങ്ങളില്‍ പ്രതികളുമായി തെളിവെടുപ്പ് നടത്തി. ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് 2 ദിവസം പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.
ഷാനിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടി നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നതിനാല്‍ മറ്റു തെളിവുകള്‍ ശേഖരിക്കുന്നതിനാണ് കസ്റ്റഡിയില്‍ വാങ്ങിയതെന്നും തെളിവെടുപ്പ് പൂര്‍ത്തിയായതായും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സിനി ബെന്‍ അറിയിച്ചു.