കോട്ടയം: കോട്ടയത്ത് പത്തൊമ്പതുകാരനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിൽ തള്ളാൻ കാരണം സാമൂഹിക മാധ്യത്തിലെ ലൈക്കും കമൻ്റുമെന്ന് പോലീസ്. ജോമോന്‍റെ കൂട്ടാളി പുൽച്ചാടി ലുധീഷിനെ എതിര്‍ സംഘം മര്‍ദ്ദിച്ച ദൃശ്യത്തിന് ഷാൻ ബാബു ലൈക്കും കമന്‍റും ഇട്ടതാണ് കൊല്ലാൻ പ്രകോപനമായതെന്നാണ് പോലീസ് പറയുന്നത്. കൊല്ലാൻ വേണ്ടി തന്നെയാണ് തട്ടിക്കൊണ്ട് പോയത്. കൊലപാതക സംഘത്തിലെ നാല് പേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഷാന്‍റെ അമ്മയുടെ പരാതിയിലെ അന്വേഷണത്തിൽ പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നും കോട്ടയം എസ്പി ഡി ശിൽപ അവകാശപ്പെട്ടു. പ്രതി ജോമോനുമായി പോലീസ് തെളിവെടുപ്പ് നടത്തി.
ഒക്ടോബറിൽ ജോമോന്‍റെ കൂട്ടാളിയായ പുൽച്ചാടി ലുധീഷിനെ തൃശ്ശൂരിൽ വിളിച്ചുവരുത്തി മറ്റൊരു ഗുണ്ടയായ സൂര്യന്‍റെ സംഘം മർദ്ദിച്ചിരുന്നു. മർദ്ദനം ചിത്രീകരിച്ച് സമൂഹ്യമാധ്യത്തിൽ പോസ്റ്റ് ചെയ്തു. ഈ പോസ്റ്റിൽ ഷാൻ ബാബു ലൈക്കും കമന്‍റും നൽകിയതാണ് ജോമോന്‍റെ പകയ്ക്ക് കാരണമെന്നാണ് എസ്പി പറയുന്നത്. ലുധീഷിനെ എതിരാളികള്‍ മര്‍ദ്ദിച്ചതു പോലെ ഷാൻ ബാബുവിനെ അഞ്ചംഗ കൊലയാളി സംഘം മര്‍ദ്ദിച്ചുവെന്നാണ് പോലീസ് കണ്ടെത്തൽ. ജോമോനെ കൂടാതെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പുൽച്ചാടി ലുധീഷ്, സുധീഷ്, കിരൺ, ഓട്ടോ ഡ്രൈവർ ബിനു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇതിൽ ഓട്ടോ ഡ്രൈവർ ഒഴിച്ച് ബാക്കിയെല്ലാവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഷാന്‍റെ അമ്മയുടെ പരാതിയിൽ എല്ലാ നടപടികളും എടുത്തു. ജോമോനെ നിരീക്ഷിക്കുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്നും എസ്പി പറഞ്ഞു.
മാങ്ങാനത്തെ ആളൊഴിഞ്ഞ പറമ്പിൽ വച്ചാണ് സംഘം ഷാനെ ക്രൂരമായി മർദ്ദിച്ചത്. ഇവിടെ ജോമോനുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഷാന്‍റെ അടിവസ്ത്രം, ബെൽറ്റ്, കൊന്ത, മാസ്ക്, ഷാനെ മർദ്ദിച്ച മരക്കമ്പുകൾ, പ്രതികൾ മദ്യപിച്ച ഗ്ലാസുകൾ എന്നിവ ജോമോന്‍റെ വീടിന് സമീപത്തുള്ള ഈ പറമ്പിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഷാന്റെ ദേഹത്ത് മർദ്ദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടില്‍ പറയുന്നത്. കാപ്പി വടികൊണ്ട് 3 മണിക്കൂറോളം അടിച്ചുവെന്നാണ് പ്രതി ജോമോൻ്റെ മൊഴി. ഷാനെ വിവസ്ത്രനാക്കി മൂന്ന് മണിക്കൂറോളം മർദ്ദനം നടന്നു. കണ്ണിൽ വിരലുകൾകൊണ്ട് ആഞ്ഞുകുത്തി. ഓട്ടോയിൽ വെച്ചും വിവിധ സ്ഥലങ്ങളിൽ വെച്ചും മർദിച്ചു.സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.