കോട്ടയം : പത്തൊമ്പതുകാരന്‍ ഷാന്‍ബാബുവിനെ കൊന്ന കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള നാല് പേരുടെ അറസ്റ്റ് കൂടി ഇന്ന് രേഖപ്പെടുത്തും. ഗുണ്ടകളായ പുല്‍ച്ചാടി എന്നറിയപ്പെടുന്ന ലുദീഷ്, സുധീഷ് , കിരണ്‍ , ഓട്ടോ ഡ്രൈവര്‍ ബിനു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. ഇവരെല്ലാം കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. പുല്‍ച്ചാടി ലുദീഷിനെ മര്‍ദ്ദിച്ചതിന് പ്രതികാരമായാണ് ഷാനെ തല്ലിക്കൊന്നത്. പ്രതികള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളത്. പ്രധാന പ്രതി ജോമോനെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഗുണ്ടാ ലഹരി സംഘാംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം.നിരവധി ഗുണ്ടകള്‍ക്കെതിരെ ജില്ല ഭരണകൂടം റിപ്പോര്‍ട്ട് നല്‍കി കഴിഞ്ഞു.
ഷാനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നില്‍ തള്ളാന്‍ കാരണം സാമൂഹിക മാധ്യത്തിലെ ലൈക്കും കമന്റുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. പുല്‍ച്ചാടി ലുദീഷിനെ എതിര്‍ സംഘം മര്‍ദ്ദിച്ച ദൃശ്യത്തിന് ഷാന്‍ ബാബു ലൈക്കും കമന്റും ഇട്ടതാണ് കൊല്ലാന്‍ പ്രകോപനമായതെന്നാണ് പോലീസ് പറയുന്നത്. മാങ്ങാനത്തെ ആളൊഴിഞ്ഞ പറമ്പില്‍ വച്ചാണ് സംഘം ഷാനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഷാന്റെ ദേഹത്ത് മര്‍ദ്ദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാപ്പി വടികൊണ്ട് 3 മണിക്കൂറോളം അടിച്ചുവെന്നാണ് പ്രതി ജോമോന്റെ മൊഴി. ഷാനെ വിവസ്ത്രനാക്കി മൂന്ന് മണിക്കൂറോളം മര്‍ദ്ദനം നടന്നു. കണ്ണില്‍ വിരലുകള്‍കൊണ്ട് ആഞ്ഞുകുത്തി. ഓട്ടോയില്‍ വെച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ചും മര്‍ദിച്ചു.