മുംബൈ: സംസ്ഥാന മന്ത്രി കൂടിയായ ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഒരു വിഭാഗം എംഎൽഎമാർ കൂറുമാറാനുള്ള സാധ്യത സജീവമായി നിലനിൽക്കെ, മഹാരാഷ്ട്ര സർക്കാരിന്റെ കാര്യത്തിൽ എല്ലാം ശുഭമാണെന്ന് വ്യക്തമാക്കി എൻസിപി അധ്യക്ഷൻ ശരദ് പവാർ. ശിവസേന നേതൃത്വം നൽകുന്ന മഹാ വികാസ് അഘാഡി സഖ്യത്തിലെ നിർണായക ശക്തിയെന്ന നിലയിലാണ് പവാറിന്റെ പ്രതികരണം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയിൽ സമ്പൂർണ വിശ്വാസമുണ്ടെന്നും പവാർ വ്യക്തമാക്കി.
മഹാരാഷ്ട്ര സർക്കാർ ഏറ്റവും മികച്ച രീതിയിൽത്തന്നെ മുന്നോട്ടു പോകുന്നുവെന്ന് പവാർ പ്രതികരിച്ചു. സംസ്ഥാന സർക്കാരിനെ മുൾമുനയിൽ നിർത്തുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, നിലവിൽ ഡൽഹിയിലുള്ള പവാർ മുംബൈയിലേക്കു തിരിച്ചതായാണു വിവരം. രാത്രി അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പൊതു സ്ഥാനാർഥിയെ കണ്ടെത്താനുള്ള പ്രതിപക്ഷ നീക്കങ്ങൾക്കു നേതൃത്വം നൽകാനാണു പവാർ ഡൽഹിയിലെത്തിയത്. കൂറുമാറ്റത്തിന്റെ സൂചന നൽകി ശിവസേനാ നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ 22 എംഎൽഎമാർ അപ്രതീക്ഷിതമായി ഗുജറാത്തിലെ സൂറത്തിൽ തമ്പടിച്ചതോടെയാണു സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമായത്. ഷിൻഡെയുടെ വരവോടെ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ മുൻനിർത്തി ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ബിജെപിയും ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം, ഷിൻഡെ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ശിവസേന.