ദില്ലി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയർചാറ്റ് 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ആഗോള തലത്തിലുള്ള പ്രതിസന്ധികൾക്കിടയിൽ ചെലവ് ചുരുക്കാനുള്ള ശ്രമമമാണ് ഇതെന്നാണ് സൂചന.
സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ മൂലമാണ് തങ്ങൾ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഷെയർചാറ്റ് ഉടമസ്ഥരായ മൊഹല്ല ടെക് പറഞ്ഞു. ഏകദേശം 2,200 പേർ ജോലി ചെയ്യുന്ന കമ്പനിയിലെ മാനേജ്‌മെന്റ് റോളുകളിലായിരുന്ന നൂറുകണക്കിന് ആളുകളെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്.
ഏകദേശം 500 പേരെ ഈ പിരിച്ചുവിടൽ ബാധിക്കും. 20 ശതമാനത്തോളം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് നേരത്തെ കമ്പനി അറിയിച്ചിരുന്നു. 2200 ലേറെ ജീവനക്കാരാണ് കമ്പനിയിലുള്ളത്. 500 കോടി ഡോളറാണ് ഇതിന്റെ വിപണി മൂല്യം. വളരെ വേദനയോടെയാണ് ഈ തീരുമാനമെടുത്തത് എന്നാണ് കമ്പനിയുടെ വക്താവ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
മെറ്റാ, ട്വിറ്റർ, ആമസോൺ തുടങ്ങിയ ടെക് ഭീമന്മാർ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. 2023-ൽ ഇതുവരെ ലോകമെമ്പാടുമുള്ള 24,000-ത്തിലധികം തൊഴിലാളികളെ വിവിധ സ്ഥാപനങ്ങൾ പിരിച്ചുവിട്ടിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ സോഷ്യൽ നെറ്റ്‌വർക്കായ ഷെയർചാറ്റ് ഇന്ത്യൻ ഭാഷകളിൽ സേവനം നൽകുന്നു. ഗൂഗിൾ, ടെമാസെക് തുടങ്ങിയ സാങ്കേതിക സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് ഇതിന് കഴിഞ്ഞ വർഷം 300 മില്യൺ ഡോളർ ഫണ്ടിംഗ് ലഭിച്ചത്. ട്വിറ്റർ, സ്നാപ്പ് ഇങ്ക്, ടൈഗർ ഗ്ലോബൽ എന്നിവയും അതിന്റെ നിക്ഷേപകരിൽ ഉൾപ്പെടുന്നു.
“വളരെ കൂടിയാലോചനകൾക്ക് ശേഷമാണ് ജീവനക്കാരുടെ ചെലവ് കുറയ്ക്കാനുള്ള തീരുമാനമെടുത്തത്, ഈ വർഷം മുഴുവനും നിക്ഷേപങ്ങൾ വളരെ ജാഗ്രതയോടെ തുടരുമെന്ന് ഷെയർ ചാറ്റ് വക്താക്കൾ പറഞ്ഞു. ഏകദേശം 5 ബില്യൺ ഡോളറാണ് ഷെയർ ചാറ്റിന്റെ മൂലധനം.