അമരാവതി: തെരഞ്ഞെടുപ്പ് മുറുകുമ്പോള്‍ സര്‍വ്വതും വിവാദമാക്കാനുള്ള വിഷയങ്ങളാണ്. മഞ്ഞ നിറത്തിലുളള സാരിയെ ചൊല്ലിയാണ് ആന്ധ്ര രാഷ്ടീയത്തിൽ ഇപ്പോഴത്തെ തർക്കം. പോരടിക്കുന്നതാകട്ടേ മുഖ്യമന്ത്രി ജഗനും സഹോദരി ശർമ്മിളയും. ജഗൻ മോഹൻ റെഡ്ഡിയുടെ വഴിമുടക്കാൻ കുടുംബത്തിൽ നിന്ന് തന്നെ കോൺഗ്രസ് കണ്ടെത്തിയ ബ്രഹ്മാസ്ത്രം. വൈ.എസ്.ശർമ്മിള അച്ഛൻറെ മണ്ഡലമായിരുന്ന കടപ്പയിൽ പത്രിക നൽകിയത് മുതൽ പോര് കടുപ്പിച്ചതാണ് ജഗൻ.
സഹോദരിയെ ഇകഴ്ത്തിക്കാട്ടാൻ ജഗൻ പുറത്തെടുത്ത പുതിയ ആയുധത്തിൽ കലങ്ങി നിൽക്കുകയാണ് ആന്ധ്രയിലെ രാഷ്ട്രീയം. മകൻറെ വിവാഹച്ടടങ്ങിലേക്ക് ക്ഷണിക്കാൻ ചന്ദ്രബാബു നായിഡുവിന്റെ വീട്ടിലേക്ക് ശർമ്മിള പോയത് ടിഡിപിയോട് ചേർന്ന് നിൽക്കുന്ന മഞ്ഞ നിറത്തിലുള്ള സാരി ധരിച്ചെന്നായിരുന്നു പരിഹാസം. അവർ കൊടുക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ചാണ് ഇപ്പോൾ എല്ലാം നടക്കുന്നതെന്നാണ് ജഗൻ മോഹൻ റെഡ്ഡിയുടെ പരിഹാസം.
എന്നാൽ അന്യവീട്ടിലെ പുരുഷന്മാരുടെ മുന്നിൽ സ്വന്തം സഹോദരിയുടെ വസ്ത്രധാരണത്തെ കുറിച്ച് പറയാനും മാത്രം തരംതാഴ്ന്ന മനുഷ്യനാണോ ജഗൻ എന്നാണ് ശർമ്മിളയുടെ മറുചോദ്യം. സ്ത്രീകളെ ആകെ അപമാനിച്ചു ജഗൻ എന്നും അവർ രോഷത്തോടെ പ്രതികരിക്കുന്നു. ജഗന്റെ ചാനലായ സാക്ഷിയുടെ ലോഗോ മഞ്ഞനിറത്തിലാണ്. മഞ്ഞ സാരി ധരിച്ചാൽ എന്താണ് പ്രശ്നം ? ഇതാണോ നിങ്ങളുടെ സംസ്കാരമെന്നും ശർമ്മിള ചോദിക്കുന്നു.
എന്നാൽ ടിഡിപിയെ പിന്തുണയ്ക്കുന്ന മഞ്ഞമാധ്യമങ്ങൾ വിവാദം ആളിക്കത്തിക്കാൻ എത്രശ്രമിച്ചാലും ക്ഷേമപദ്ധതികളിലൂടെ നേടിയ തന്ർറെ സ്വീകാര്യതയെ മറികടക്കാനാകില്ലെന്ന നിലപാടിലാണ് ജഗനുള്ളത്.