തിരുവനന്തപുരം : പാറശാല ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ ആശുപത്രി വിട്ടു. പൊലീസ് സ്റ്റേഷനിൽ വെച്ച് ആത്മഹത്യാ ശ്രമം നടത്തിയ ഗ്രീഷ്മ കഴിഞ്ഞ രണ്ട് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഡിസ്ചാർജ് ചെയ്തതോടെ പ്രതിയെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റിയ ഗ്രീഷ്മയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് നാളെ അപേക്ഷ നൽകും.
അതേസമയം, ഷാരോണ്‍ വധക്കേസിന്റെ തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് അഭികാമ്യമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. കൊലപാതകത്തിന്റെ ആസൂത്രണവും തെളിവ് നശിപ്പിക്കലും തമിഴ് നാട്ടിൽ നടന്നതിനാൽ പ്രതികള്‍ കുറ്റപത്രം ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് നിയമോപദേശം. ഷാരോണ്‍ വധക്കേസിലെ പ്രതികളെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാൻ ജില്ലാ ക്രൈം ബ്രാഞ്ച് ഒരുങ്ങുമ്പോഴാണ് നിയമോപദേശം ലഭിച്ചത്.
കേസന്വേഷണത്തിന്റെ മറ്റ് പ്രതികളും ചേർന്ന് ഗൂഡാലോചന നടത്തിയതും വിഷം വാങ്ങി കൊടുത്തതും തെളിവ് നശിപ്പിച്ചതും തമിഴ്നാട്ടിൽ വെച്ചാണ്. എന്നാൽ മരണം സംഭവിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ്. പാറാശാല പൊലീസാണ് കേസെടുത്തത്. കുറ്റപത്രം നൽകി വിചാരണയിലേക്ക് പോകുമ്പോള്‍ അന്വേഷണ പരിധി പ്രതികൾ ചോദ്യം ചെയ്താൽ കേസിനെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് നിയമോപദേശം. അതിനാൽ തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് അഭികാമ്യമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം. കേസ് അട്ടിമറിക്കപ്പെടുമെന്നതിനാൽ അന്വേഷണം കൈമാറരുതെന്നാവശ്യപ്പെട്ട് ഷാരോണിൻറെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നൽകി.