തിരുവനന്തപുരം : പാറശ്ശാല ഷാരോൺ വധക്കേസിൽ ശിക്ഷ വിധിച്ചു. കൊല്ലപ്പെട്ട ഷാരോണിനും ഗ്രീഷ്മയ്ക്കും ഒരേ പ്രായം അതിനാൽ പ്രായത്തിൻ്റെ ഇളവ് നൽകാനാവില്ല. ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കാമുകനായ ഷാരോൺരാജിനെ ഒന്നാംപ്രതി ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തിനൽകി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങൾ നേരത്തേ പൂർത്തിയായിരുന്നു. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബർ 14-ന് ഷാരോൺ രാജിനെ ഗ്രീഷ്മ വിഷം കലർത്തിയ കഷായം നൽകി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 25-നാണ് ഷാരോൺരാജ് മരിച്ചത്.
പ്രതികളോട് 259 ചോദ്യങ്ങള്‍ ചോദിച്ചതായി കോടതി ചൂണ്ടിക്കാട്ടി. 57 സാക്ഷികളെ വിസ്തരിച്ചു. അന്വേഷണ സംഘത്തെ കോടതി അഭിനന്ദിച്ചു. അതിസമര്‍ഥമായി അന്വേഷണം നടത്തി. മാറിയ കാലത്തിന് അനുസരിച്ച് പൊലീസ് അന്വേഷണ രീതി മാറ്റി. ഒരു ഉദ്യോഗസ്ഥന്റെയും പേരു പറയുന്നില്ല എല്ലാവരെയും അഭിനന്ദിക്കുന്നതായും കോടതി വ്യക്തമാക്കി. 556 പേജുള്ള വിധി പകര്‍പ്പാണ് ഷാരോണ്‍ വധക്കേസില്‍ തയ്യാറാക്കിയത്. സാഹചര്യ തെളിവ് നല്ല രീതിയില്‍ ഉപയോഗിച്ചു. കുറ്റകൃത്യം ചെയ്ത അന്നു മുതല്‍ പൊലീസ് പിടിക്കുന്നത് വരെ തെളിവുകള്‍ താന്‍ തന്നെ ചുവന്നു നടക്കുകയായിരുന്നു വെന്ന് പ്രതി അറിഞ്ഞില്ല. പാര സെറ്റമോള്‍ കലര്‍ത്തി ജ്യൂസ് ചലഞ്ച് നടത്തിയത് തെളിഞ്ഞതായും കോടതി വ്യക്തമാക്കി. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ അടക്കം വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കി.