തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതിയായ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തെളിവെടുപ്പും തുടര്‍നടപടികളും പിന്നീട് തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന ലൈസോള്‍ കുടിച്ച് ഗ്രീഷ്മ ആത്മഹത്യ ശ്രമം നടത്തിയിരുന്നു. ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതിയില്‍ പ്രശ്നമൊന്നുമില്ലെന്നാണ് ലഭിക്കുന്ന വിവരം. തെളിവെടുപ്പ് പിന്നീട് നടത്തുമെന്ന് പൊലീസ് അറിയിച്ചു. വിഷക്കുപ്പി ഉപേക്ഷിച്ച സ്ഥലത്ത് പരിശോധന നടത്താന്‍ ഇന്ന് തെളിവെടുപ്പിന് എത്തിക്കാനായിരുന്നു തീരുമാനം.
വിഷകുപ്പി എടുത്ത് പറമ്പിലേക്ക് എറിഞ്ഞെന്നും അമ്മാവൻ ഇത് മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി ഇട്ടുവെന്നുമാണ് ഗ്രീഷ്മ പൊലീസിന് നൽകിയ മൊഴി. പൊലിസ് ചോദ്യം ചെയ്യലിൽ നിന്നും എങ്ങനെ രക്ഷപ്പെടാൻ കഴിയുമെന് ഗൂഗിളിൽ പരതി. വൈരാഗ്യം കൂടാൻ കാരണം ഫോട്ടോയും വീഡിയോയും നൽകാത്തതെന്ന് ഗ്രീഷ്മയുടെ മൊഴിയിലുണ്ട്. ഷാരോണിനോട് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും വിഡിയോയും ഫോട്ടോയും നൽകിയില്ല. ഇതാണ് കൊലപാതകത്തെ കുറിച്ച് ചിന്തിക്കാൻ കാരണം. പ്രണയം ബന്ധുക്കൾ അറിഞ്ഞപ്പോൾ പിൻമാറാൻ ശ്രമിച്ചു. വിവാഹ നിശ്ചയത്തിന് മുമ്പേ തന്നെ പിൻമാറാൻ ശ്രമിച്ചിരുന്നു.
നിശ്ചയ ശേഷം നിർബന്ധിച്ച് പള്ളിയിൽ കൊണ്ടുപോയി സിന്ദൂരം തൊട്ടു. സ്വകാര്യ രംഗങ്ങൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഷാരോണിന്റെ കൈവശമുണ്ടായിരുന്നു. ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് പേടിച്ചു. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻമാറിയില്ല. അതിനാൽ കൊല്ലാൻ തീരുമാനിച്ചതായി ഗ്രീഷ്മ പൊലീസിന് നൽകിയ മൊഴിയിൽ വെളിപ്പെടുത്തിയിരുന്നു.
മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി ഇന്നലെയാണ് പൊലീസിനോട് സമ്മതിച്ചത്. കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.
എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22). മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. തുരിശിന്‍റെ (കോപ്പർ സൽഫേറ്റ്) അംശം കഷായത്തിൽ ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്റുടെ മൊഴിയും കേസന്വേഷണത്തില്‍ നിർണായകമായി. പെൺകുട്ടിയെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു.