ന്യൂഡൽഹി> പാറശാല ഷാരോൺ വധക്കേസിൽ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന പ്രതി ഗ്രീഷ്‌മയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലായതിനാൽ വിചാരണ നെയ്യാറ്റിൻകരയിൽ നിന്നും നാഗർകോവിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഗ്രീഷ്‌മ, കേസിലെ മറ്റ് പ്രതികളായ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ നായർ എന്നിവർ നൽകിയ ട്രാൻസ്‌ഫർ പെറ്റീഷനാണ് സുപ്രീംകോടതി തള്ളിയത്.
പാറശാല സ്വദേശി ഷാരോൺരാജിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലായതിനാൽ വിചാരണ അങ്ങോട്ടേക്ക് മാറ്റാൻ നിർദേശിക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ ശ്രീറാം പറക്കാട്, സതീഷ്‌മോഹൻ തുടങ്ങിയവർ വാദിച്ചു. എന്നാൽ, കേരളത്തിൽ വിചാരണ നടത്തുന്നതിനോടുള്ള എതിർപ്പ് വിചാരണക്കോടതിയിൽ ഉന്നയിക്കാൻ നിർദേശിച്ച് കേരളാഹൈക്കോടതി പ്രതികളുടെ ഹർജി തീർപ്പാക്കിയ വസ്‌തുത സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.
ഹൈക്കോടതി തീർപ്പാക്കിയ വിഷയത്തിൽ അപ്പീലിന് സാധ്യത ഇല്ലാത്തത് കൊണ്ടാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി നിർദേശിച്ചത് പോലെ പ്രതികൾക്ക് അവരുടെ എതിർപ്പ് വിചാരണക്കോടതിയിൽ ഉന്നയിക്കാമെന്നും ജസ്‌റ്റിസ് ദീപാങ്കർദത്ത അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു.