തിരുവനന്തപുരം ∙ സുഹൃത്ത് ഗ്രീഷ്മ (22) നൽകിയ കഷായവും ജൂസും കുടിച്ച് അവശനായ പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജ് (23) മരിച്ച സംഭവത്തിൽ വഴിത്തിരിവായത് പെൺകുട്ടിയുടെ സ്വഭാവത്തിൽ ഷാരോൺ രാജിന്റെ കുടുംബത്തിനു തോന്നിയ സംശയവും ശാസ്ത്രീയ തെളിവുകളും. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിനു ശേഷമാണ് ഗ്രീഷ്മയുടെ സ്വഭാവത്തിൽ മാറ്റം വന്നത്. തന്റെ ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതകത്തിലുള്ളതായി കാമുകനായ ഷാരോണിനോട് ഗ്രീഷ്മ പറഞ്ഞിരുന്നു. അതിൽ വിശ്വാസമില്ലെന്നു പറഞ്ഞ ഷാരോൺ ബന്ധത്തിൽനിന്നു പിൻമാറാൻ തയാറായില്ല. ഗ്രീഷ്മ ഇങ്ങനെ പറഞ്ഞ കാര്യവും ജൂസ് നൽകുന്ന കാര്യവും ഷാരോൺ വീട്ടുകാരെ അറിയിച്ചിരുന്നു. ഷാരോണിന്‍റെ അടുത്ത ബന്ധുവായ യുവാവിനും പ്രണയബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു.
ഷാരോണിന്റെ മരണശേഷം ഗ്രീഷ്മയുമായി ഈ യുവാവ് നടത്തിയ സംഭാഷണങ്ങളാണ് അന്വേഷണത്തിൽ പൊലീസിനു സഹായകമായത്. ഷാരോണുമായി മരണത്തിനു തൊട്ടു മുൻപുള്ള ദിവസങ്ങളിൽ ഗ്രീഷ്മ നടത്തിയ സംഭാഷണവും വഴിത്തിരിവായി. ഗ്രീഷ്മ അടിക്കടി കാര്യങ്ങൾ മാറ്റിപ്പറഞ്ഞത് ഷാരോണിന്റെ കുടുംബത്തിന്റെ സംശയം വർധിപ്പിച്ചു. ഗ്രീഷ്മയുമായി പുറത്തുപോയി ജൂസ് കുടിക്കുന്ന ദിവസങ്ങളിലെല്ലാം ഷാരോൺ ഛർദിച്ചതും സംശയത്തിനിടയാക്കി. ഇതോടെ, ഗ്രീഷ്മയും കുടുംബവും ഷാരോണിനെ വിഷം കൊടുത്ത് കൊല്ലുകയായിരുന്നെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി.
∙ വഴിത്തിരിവായി മൊഴിയിലെ വൈരുദ്ധ്യം
മൊഴിയിലെ വൈരുദ്ധ്യവും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ നൽകിയ വിവരങ്ങളുമാണ് കേസിൽ നിർണായകമായത്. സ്നേഹിക്കുന്ന പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് എന്തിനു കഷായം കുടിക്കണമെന്നാണ് പൊലീസ് ആദ്യം ചിന്തിച്ചത്. ഗ്രീഷ്മ ഷാരോണിനു സ്ഥിരമായി ജൂസ് നൽകിയിരുന്നെന്ന വിവരം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
14ന് വീട്ടിലെത്തിയ ഷാരോണിനു കഷായം നൽകിയതായി ഗ്രീഷ്മ ഷാരോണിന്റെ വീട്ടുകാരോടു സമ്മതിച്ചു. താൻ കഷായം കയ്പ്പാണെന്നു പറയുമ്പോൾ ഷാരോൺ കളിയാക്കിയിരുന്നതായും കയ്പ്പ് മനസിലാക്കിക്കൊടുക്കാനാണ് കഷായം കൊടുത്തതെന്നുമാണ് ഗ്രീഷ്മ പറഞ്ഞിരുന്നത്. കഷായത്തിന്റെ പേര് ഓർമയില്ലെന്ന് പറഞ്ഞത് സംശയം വർധിപ്പിച്ചു. കുപ്പിയുടെ ലേബൽ ഇളക്കി കളഞ്ഞെന്നും കുപ്പി ആക്രിക്കാരനു കൊടുത്തെന്നും ഗ്രീഷ്മ ആദ്യഘട്ടത്തിൽ പറഞ്ഞത് കേസിൽ വഴിത്തിരിവായി. ജൂസിൽ ഷാരോണിന്റെ വീട്ടുകാർക്ക് സംശയമുണ്ടായതോടെ ഗ്രീഷ്മ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തി.
താൻ രാവിലെ കുടിച്ച കഷായത്തിന്റെ ബാക്കിയാണ് കൊടുത്തതെന്നാണ് ഗ്രീഷ്മ ഷാരോണിനോടും ബന്ധുക്കളോടും പറഞ്ഞത്. അമ്മയാണ് കഷായം സൂക്ഷിക്കുന്നതെന്നും കുപ്പിയിൽനിന്ന് ഗ്ലാസിൽ ഒഴിച്ചുവച്ച കഷായമാണ് നൽകിയതെന്നും ഗ്രീഷ്മ ഷാരോണിനോടു പറഞ്ഞിരുന്നു. കഷായം കുടിക്കാനുള്ള അവസാന ദിവസമായിരുന്നെന്നും ഷാരോണിനു കൊടുത്തതോടെ കഷായം തീർന്നെന്നു പറഞ്ഞതും സംശയം ഇരട്ടിപ്പിച്ചു. ഏതു ജൂസാണ് കഷായത്തിനുശേഷം ഷാരോണിനു നൽകിയതെന്നു ബന്ധുക്കൾ ചോദിച്ചപ്പോൾ വ്യത്യസ്ത കമ്പനികളുടെ പേരാണ് ഗ്രീഷ്മ പറഞ്ഞത്.
കുടിച്ച കഷായത്തിന്റെ പേര് മരിക്കുന്നതിനു മുൻപ് പലതവണ ഷാരോൺ ചോദിച്ചെങ്കിലും പറയാൻ ഗ്രീഷ്മ തയാറായില്ല. അമ്മയോട് ചേദിച്ചിട്ടു പറയാമെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. ഗ്രീഷ്മയോടുള്ള വിശ്വാസം കാരണം കഷായം കുടിച്ച കാര്യം ഷാരോൺ വീട്ടിൽ പറഞ്ഞില്ല. കാലാവധി കഴിഞ്ഞ ജൂസ് കുടിച്ചതാണ് ഛർദിലിനു കാരണമെന്നാണ് ഷാരോൺ പറഞ്ഞത്. മരണമൊഴി രേഖപ്പെടുത്തുന്ന സമയത്തും കഷായം കുടിച്ച കാര്യം ഷാരോൺ വെളിപ്പെടുത്തിയില്ല. ആരെയും സംശയമില്ലെന്നായിരുന്നു മജിസ്ട്രേറ്റിനോട് പറഞ്ഞത്.
താൻ സ്നേഹിക്കുന്ന പെൺകുട്ടി വിഷം നൽകുമെന്ന് ഷാരോൺ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നു. അവൾ അങ്ങനെ ചെയ്യില്ലെന്നാണ് മരണക്കിടക്കയിലും ഷാരോണ്‍ പറഞ്ഞത്. വീട്ടിലെത്തിയ ഓട്ടോ ഡ്രൈവർക്കും ജൂസ് നൽകിയതായും കുടിച്ചശേഷം ഡ്രൈവർക്കും ഛർദിലുണ്ടായതായും ഗ്രീഷ്മ ഷാരോണിനോടും കുടുംബത്തിനോടും പറഞ്ഞിരുന്നു. കാരണക്കോണം സ്വദേശിയായ ഡ്രൈവറെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇതെല്ലാം കളവാണെന്നു ബോധ്യമായി.
ചേച്ചിയുടെ സുഹൃത്തായ ഡോക്ടറാണ് കഷായം എഴുതി നൽകിയതെന്നു ഗ്രീഷ്മ ഷാരോണിന്റെ വീട്ടുകാരോട് പറഞ്ഞിരുന്നു. കഷായം കുപ്പിയിൽ ഒഴിച്ചാണ് നൽകിയതെന്നും പറഞ്ഞിരുന്നു. അന്വേഷണത്തിൽ ഡോക്ടർ ഇക്കാര്യം നിഷേധിച്ചു. ഒന്നര വർഷം മുൻപ് ഡോക്ടർ പാറശാലയിൽനിന്ന് സ്ഥലംമാറി പോയിരുന്നു.
∙ കല്യാണ നിശ്ചയം, അന്ധവിശ്വാസം
രണ്ടു ജാതികളിലുള്ളവരായിരുന്നു ഷാരോണും ഗ്രീഷ്മയും. ഒരു വർഷം മുൻപ് കോളജിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗ്രീഷ്മയുമായി പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഗ്രീഷ്മയുടെ കുടുംബം സാമ്പത്തികമായി ഉന്നത നിലയിലുള്ളവരാണ്. ഇതിനിടയിലാണ് പെൺകുട്ടിക്ക് മറ്റൊരു വിവാഹം നിശ്ചയിക്കുന്നത്. ഷാരോണിനെ വിവാഹം കഴിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് വീട്ടുകാർ പറഞ്ഞതോടെ ഗ്രീഷ്മ ഷാരോണുമായി അകന്നു തുടങ്ങി. ആദ്യം വിവാഹം കഴിക്കുന്നയാൾ മരിക്കുമെന്ന് ജോത്സ്യൻ പറഞ്ഞതും പെൺകുട്ടിയുടെ മനസ് മാറ്റി. ഇടയ്ക്ക് അകന്നെങ്കിലും പിന്നീട് ഇരുവരും വീണ്ടും അടുത്തു
കല്യാണം നിശ്ചയിച്ച പെൺകുട്ടിയായതിനാൽ ബന്ധം ഉപേക്ഷിക്കണമെന്ന് ഷാരോണിന്റെ കുടുംബം നിർദേശിച്ചിരുന്നു. എന്നാൽ, ഷാരോണും ഗ്രീഷ്മയും രഹസ്യമായി ബന്ധം തുടർന്നു. കല്യാണ നിശ്ചയം കഴിഞ്ഞെങ്കിലും താൻ ഷാരോണിനെ സ്നേഹിക്കുന്നതായും കൂടെ ഇറങ്ങിവരുമെന്നും ഗ്രീഷ്മ പറഞ്ഞിരുന്നു. ഇതെല്ലാം ഷാരോണിനെ പറഞ്ഞു വിശ്വസിപ്പിച്ചശേഷം ഒഴിവാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പലതരത്തിലുള്ള വഴികളും നോക്കി. വിഷം നൽകാനായി ഇന്റർനെറ്റിൽ പരതിയതായും സൂചനയുണ്ട്.
∙ കണ്ണടച്ച് പാറശാല പൊലീസ്
ഷാരോണിന്റെ മരണത്തിലെ ദുരൂഹതയുമായി ബന്ധപ്പെട്ട് പാറശാല പൊലീസിൽ ഈ മാസം 27ന് പരാതി നൽകിയെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ടു പോയില്ല. ഷാരോൺ റേഡിയേഷൻ കോഴ്സ് ചെയ്യുന്നതിനാൽ റേഡിയേഷൻ ഏറ്റതാകാം മരണകാരണം എന്ന ന്യായവും പാറശാല പൊലീസ് മുന്നോട്ടുവച്ചു. ഫോൺ സംഭാഷണങ്ങളിൽ പറഞ്ഞ കാര്യങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് കുടുംബം പറഞ്ഞെങ്കിലും ആദ്യഘട്ടത്തിൽ അതേക്കുറിച്ച് പാറശാല പൊലീസ് അന്വേഷിച്ചില്ല.
പിന്നീട് റൂറൽ എസ്പി ഇടപെട്ട് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. റൂറൽ എസ്പി ഡി.ശിൽപയും ഡിഎസ്പി: സുൾഫിക്കറും അന്വേഷണത്തിനു നേതൃത്വം നൽകി. വലിയൊരു സംഘം പൊലീസ് സമഗ്രമായി അന്വേഷിച്ചതോടെ കൊടും ക്രൂരതയുടെ തെളിവുകൾ പുറത്തുവന്നു.