ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനായി പുറത്തിറക്കിയ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയ പൂർണമല്ലാത്ത ഇന്ത്യൻ ഭൂപടം തിരുത്തി ശശി തരൂർ. പ്രകടനപത്രികയിൽ ചേർത്ത ഭൂപടത്തിൽ കശ്മീരിന്റെ ഭാഗങ്ങൾ മുഴുവനില്ലെന്ന ആരോപണമാണ് ഉയർന്നിരുന്നത്. പാക്ക് അധിനിവേശ കശ്മീരും ചൈന പിടിച്ചെടുത്ത അക്സായി ചിന്നും ഭൂപടത്തിലുണ്ടായിരുന്നില്ല.
‘‘ആരും മനപ്പൂർവം ഇങ്ങനെയൊരു തെറ്റ് വരുത്തില്ല. വൊളന്റിയർമാർക്കു പറ്റിയ അബദ്ധമാണിത്. ഞങ്ങൾ ഉടനെത്തന്നെ തിരുത്തുകയും ചെയ്തു. തെറ്റു സംഭവിച്ചതിൽ നിരുപാധികം മാപ്പ് ചോദിക്കുന്നു’’– തരൂർ ട്വിറ്ററിൽ കുറിച്ചു.
സംഭവം വിവാദമായതിനു പിന്നാലെ ശശി തരൂർ പ്രകടന പത്രികയിൽ തിരുത്തൽ വരുത്തുകയായിരുന്നു. തിരുവനന്തപുരം എംപിയായ ശശി തരൂർ ഉച്ചയോടെയാണ് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിച്ചത്. പിന്നാലെ പ്രകടനപത്രികയും പുറത്തിറക്കി. പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി തരൂർ രാവിലെ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്കും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കും പ്രണാമം അർപ്പിച്ചിരുന്നു.