ന്യൂഡൽഹി: എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ സ്ഥാനാർഥിയായാൽ ജി 23 സംഘത്തിന്റെ പ്രതിനിധിയായി ശശി തരൂരോ മനീഷ് തിവാരിയോ മത്സരിച്ചേക്കും. കോൺഗ്രസ് നേരിടുന്ന പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ചയാക്കാൻ മത്സരം അനിവാര്യമാണെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. തരൂർ മത്സരത്തിനൊരുക്കമല്ലെങ്കിൽ മാത്രമാകും മനീഷ് തിവാരി മത്സരത്തിനിറങ്ങുക. ഇതിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും സംഘാംഗങ്ങൾക്കിടയിൽ ചർച്ച സജീവമാണ്.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് കോൺഗ്രസിലെ പ്രശ്ന പരിഹാരത്തിനുള്ള വഴിയാണെന്ന അഭിപ്രായമാണ് ശശി തരൂരിന്. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലേക്കുള്ള ഡസൻ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് കോൺഗ്രസിന് ആവശ്യമായ പുനരുജ്ജീവനത്തിലേക്കുള്ള തുടക്കമാണെന്നും അദ്ദേഹം പറയുന്നു.
തെരഞ്ഞെടുപ്പ് പാർട്ടിയോടുള്ള ദേശീയ താൽപര്യം വർധിപ്പിക്കുമെന്നും കൂടുതൽ വോട്ടർമാരെ വീണ്ടും കോൺഗ്രസിലേക്ക് ആകർഷിക്കുമെന്നുമാണ് തരൂരിന്റെ അഭിപ്രായം. അതേസമയം, എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന റിപ്പോർട്ടുകളോട് ഇതുവരെ ശശി തരൂർ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് തരൂരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.
പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 17നാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു സ്ഥാനാർഥി മാത്രമാണുള്ളതെങ്കിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഒക്ടോബർ എട്ടിന് തന്നെ വിജയിയെ പ്രഖ്യാപിക്കും. അത്തരമൊരു സാഹചര്യം ഒഴിവാക്കാനുള്ള ആലോചനകളാണ് ജി 23 ക്യാമ്പിൽ നടക്കുന്നത്. പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തന രീതിയിൽ മാറ്റം ആവശ്യപ്പെട്ട് 2020 ആഗസ്റ്റിലാണ് ജി 23 രൂപപ്പെട്ടത്. അതിനെ നയിച്ച ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസമാണ് പാർട്ടി വിട്ടത്.