ദില്ലി: സോഷ്യൽ മീഡിയയിൽ ശശി തരൂരിനോളം പ്രാധാന്യം ലഭിക്കുന്നവർ കുറവാണ്. ഇംഗ്ലീഷ് പ്രാവിണ്യത്തിന്റെ പേരിലും പ്രസംഗത്തിന്റെ പേരിലുമൊക്കെ അഭിനന്ദന ട്രോളുകളാണ് നിറയാറുള്ളതെങ്കിൽ ഇടയ്ക്ക് വിവാദ ട്രോളുകളും പ്രത്യക്ഷ പെടാറുണ്ട്. ഇക്കുറി തരൂരിന്റെതായി പ്രത്യക്ഷപ്പെട്ടത് പരിഹാസങ്ങൾ നിറഞ്ഞ ട്രോളുകളായിരുന്നു.
ലോക്സഭ സെഷനിടെ ബഞ്ചിൽ താടി വച്ച് സുപ്രിയ സുലെയോട് സംസാരിക്കുന്ന തരൂരിന്റെ വീഡിയോ വിമർശന, പരിഹാസ ബുദ്ധിയോടെ സോഷ്യൽ മീഡിയയിൽ പലരും പ്രചരിപ്പിക്കുകയായിരുന്നു. ലോക്സഭ സെഷനിടെ കുശലാന്വേഷണം നടത്തുന്ന തരൂർ എന്ന നിലയിലായിരുന്നു ട്രോളുകളിൽ പലതും പ്രത്യക്ഷപ്പെട്ടത്. പക്ഷേ എല്ലാ ട്രോളുകൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി തരൂർ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
തരൂരിന്റെ മറുപടി
ഫാറൂഖ് അബ്ദുള്ള ലോക്സഭയിൽ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. അടുത്തതായി സംസാരിക്കേണ്ട സുപ്രിയ സുലെ എം പി ചില നയപരമായ കാര്യത്തിലെ സംശയം തിരക്കിയതാണ്. ഫാറുഖ് സാഹിബിന്റെ പ്രസംഗത്തെ ശല്യപ്പെടുത്താതിരിക്കാൻ വേണ്ടിയാണ് ബഞ്ചിൽ താടിവച്ച് ചാഞ്ഞിരുന്ന് സുപ്രിയ പറഞ്ഞത് കേട്ടത്. അതിന്റെ വീഡിയോ ആണ് കുശലാന്വേഷണം എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. ഇത്തരം വീഡിയോകൾ ആസ്വദിക്കുന്നവർ ആസ്വദിച്ചോളു എന്നും അത് ഞങ്ങളുടെ ചിലവിൽ വേണ്ടെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.