ദില്ലി: 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ എൻഡിഎയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ ഐക്യം നിര്‍ണായകമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഐക്യം മാത്രമാണ് ഏക രക്ഷ, അല്ലാതെ പരസ്പരം മത്സരിച്ച് മുന്നോട്ട് പോയാൽ കാര്യങ്ങൾ പ്രയാസമേറിയതാവും. മുന്നോട്ടുള്ള യാത്രയിൽ വിവിധ കക്ഷി നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടാവാൻ പാടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
ഉടൻ നടക്കാനിരിക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്കെതിരെ തൃണമൂൽ കോണ്‍ഗ്രസിനുള്ള അഭിപ്രായ ഭിന്നത വിഷയമാക്കേണ്ടതില്ല. തൃണമൂൽ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയും പ്രതിപക്ഷ കക്ഷികളുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ മാര്‍ഗ്ഗരറ്റ് ആൽവയും തമ്മിൽ നല്ല ബന്ധമാണ് നിലനിൽക്കുന്നത്. ആശയവിനിമയത്തിലുണ്ടായ ചെറിയ വിടവാണ് ഇവിടെയുണ്ടായത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന് എല്ലാവർക്കും അറിയാം. ഇപ്പോഴത്തെ പ്രശ്നങ്ങൾ വലിയ കാര്യമായി എടുക്കേണ്ടെന്നും തരൂര്‍ പറഞ്ഞു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ തീരുമാനിച്ചിരുന്നു. പ്രതിപക്ഷ സ്ഥാനാര്ത്ഥി മാര്‍ഗരറ്റ് ആല്‍വയെ തീരുമാനിച്ച രീതിയോട് യോജിപ്പില്ലെന്ന് വ്യക്തമാക്കിയാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനം തൃണമൂൽ എടുത്തത്. സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് 20 മിനിറ്റ് മുൻപ് മാത്രമാണ് തങ്ങളെ വിവരം അറിയിച്ചത് എന്നാണ് തൃണമൂലിൻ്റെ പരാതി. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട പശ്ചിമബംഗാള്‍ ഗവര്‍ണ്ണര്‍ ജഗദീപ് ധന്‍കറെ നേരത്തെ മമത അഭിനന്ദിച്ചിരുന്നു. ബിജെപിയുമായി മമത ധാരണയിലെത്തിയെന്ന് സിപിഎം അടക്കമുള്ള കക്ഷികള്‍ ആരോപിക്കുകയും ചെയ്തു.