ദില്ലി: സ്പീക്കര്‍ എ എന്‍ ഷംസീറിന്‍റെ മിത്ത് പരാമർശത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. താൻ ഗണേശ ഭക്തനാണെന്നും ഗണപതിയെ പ്ലാസ്റ്റിക് സർജറിയുമായി ബന്ധപ്പെടുത്തിയതിനോടായിരുന്നു വിയോജിപ്പെന്നും ശശി തരൂർ പറഞ്ഞു. പ്ലാസ്റ്റിക് സർജറിയുമായുള്ള നരേന്ദ്ര മോദിയുടെ താരതമ്യം ശാസ്ത്രത്തിന് എതിരാണ്. ആ നിലപാടിൽ മാറ്റമില്ലെന്നും തരൂർ വ്യക്തമാക്കി. നിലവിലെ വിവാദവുമായി തന്‍റെ പ്രസ്താവന കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിത്ത് വിവാദത്തിന് പിന്നാലെ ശശി തരൂര്‍ എന്‍ഡിടിവിക്ക് നല്‍കിയ പഴയ അഭിമുഖം വ്യാപകമായി പ്രചരിച്ചിരുന്നു. അന്ന് എതിര്‍പ്പറിയിച്ചത് ഗണപതിയെ പ്ലാസ്റ്റിക് സര്‍ജറിയുമായി ബന്ധിപ്പിച്ചതിനെയാണ്. പ്ലാസ്റ്റിക് സര്‍ജറിയുമായി ബന്ധപ്പെട്ട് ദൈവത്തെ കൊണ്ട് വരേണ്ട കാര്യമില്ല. ആനയുടെ തലയും മനുഷ്യന്‍റെ ഉടലും ഒരിക്കലും ഒരുമിച്ച് വരില്ല. അതൊരു സങ്കല്‍പമാണ്. അതിനെ പ്ലാസ്റ്റിക് സര്‍ജറിയുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്നുമാണ് അന്ന് പറഞ്ഞതെന്നും തരൂർ വ്യക്തമാക്കി. മറ്റ് മതങ്ങളിലുള്ളവരുടെ വിശ്വാസത്തെ ഹനിക്കാതിരിക്കുന്നതാണ് നല്ലതെന്നും ശശി തരൂർ പറഞ്ഞു.