ദില്ലി : തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തുടർ നീക്കങ്ങളുമായി ശശി തരൂർ. പാർട്ടിക്കകത്ത് മാറ്റങ്ങൾക്കുള്ള നീക്കം തുടരാൻ ശശി തരൂർ തീരുമാനിച്ചിട്ടുണ്ട് . ഇത് സംബന്ധിച്ച് വിശ്വസ്തരുമായി തരൂർ ചർച്ച നടത്തി. തെരഞ്ഞെടുപ്പ് തർക്കങ്ങളിൽ കടുത്ത നിലപാട് വേണ്ടെന്ന് ധാരണ ആയി. അതേസമയം സംഘടന മാറ്റങ്ങൾക്കായി വാദിക്കും. കേരളത്തിൽ പകുതി വോട്ടർമാർ കൂടെ നിന്നെന്ന് ആണ് തരൂർ ക്യാമ്പിന്റെ വിലയിരുത്തൽ
അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആയിരത്തിലേറെ വോട്ട് നേടിയ തരൂർ ദേശീയ തലത്തില്‍ ഭാരവാഹിത്വങ്ങളില്‍ അവകാശവാദം ഉന്നയിച്ചേക്കും. പ്രവര്‍ത്തക സമിതി, വര്‍ക്കിംഗ് പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ നിശ്ചയിക്കുമമ്പോൾ പരിഗണന തരൂര്‍ പ്രതീക്ഷിക്കുന്നുണ്ട്. അധ്യക്ഷ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലടക്കം മുന്നോട്ട് വച്ച ആശയങ്ങള്‍ പാര്‍ട്ടി നയരൂപീരണത്തില്‍ കണക്കിലെടുക്കണമെന്ന ആവശ്യവും തരൂര്‍ ശക്തമാക്കാനിടയുണ്ട്. തരൂരിന്‍റ തുടര്‍നീക്കങ്ങള്‍ എഐസിസിയും നിരീക്ഷിക്കുകയാണ്.