ന്യൂഡൽഹി: ബിഹാറിലെ നിതീഷ് കുമാറിന്റെ രാഷ്ട്രീയ കാലുമാറ്റത്തിൽ പ്രതികരിക്കവെ പുതിയ ഇംഗ്ലീഷ് വാക്കുമായി ശശി തരൂർ. സ്നോളിഗോസ്റ്റർ എന്നാണ് നിതീഷ് കുമാറിനെ ശശി തരൂർ വിശേഷിപ്പിച്ചത്.കൗശലക്കാരനും നെറികെട്ട രാഷ്ട്രീയക്കാരനുമാണ് നിതീഷ് കുമാർ എന്നാണ് ശശിതരൂർ ഈ വാക്കിലൂടെ ഉദ്ദേശിച്ചത്. എക്സ് പ്ലാറ്റ്ഫോം വഴിയായിരുന്നു തരൂരിന്റെ പ്രതികരണം.”ഇന്നത്തെ വാക്ക് സ്നോളിഗോസ്റ്റർ; യു.എസ് ഇംഗ്ലീഷിലെ ഈ വാക്കിന് കൗശലക്കാരൻ, ആദർശമില്ലാത്ത രാഷ്ട്രീയക്കാരൻ എന്നൊക്കെയാണ് അർഥം.”-എന്നാണ് തരൂർകുറിച്ചത്.
നിതീഷ് കുമാർ മഹാസഖ്യം വിട്ടയുടൻ 2017ൽ താൻ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റുകൾ തരൂർ വീണ്ടും ഷെയർ ചെയ്തു. സ്നോളിഗോസ്റ്റർ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് 1845 ലാണ്. ഏറ്റവുമൊടുവിൽ ഉപയോഗിച്ചത് 2017 ജൂലൈ 26നും. എന്നാൽ അന്ന് ഈ വാക്കിനെ പരിചയപ്പെടുത്തിയപ്പോൾ മറ്റൊരു ദിവസം കൂടി ഈവാക്ക് ഉപയോഗിക്കേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞിരുന്നില്ല എന്നും തരൂർ കുറിച്ചിട്ടുണ്ട്. 2017ൽ നിതീഷ് ബി.ജെ.പിക്കൊപ്പം പോയപ്പോഴാണ് തരൂർ ഈ വാക്ക് ഉപയോഗിച്ചത്.
ബിഹാറിലെ ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകത്തിന് പരിസ്മാപ്തി കുറിച്ച് ഇന്ന് രാവിലെയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്. നിതീഷ് കുമാറിന്‍റെ ജെ.ഡി.യു- ബി.ജെ.പി സഖ്യ സർക്കാർ ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പി എം.എൽ.എമാർ ഇതിനകം തന്നെ നിതീഷിനെ പിന്തുണക്കുന്നതായി കാണിച്ചുള്ള കത്ത് കൈമാറിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ചും ഇരുകക്ഷികളും ധാരണയിലെത്തി.