കോട്ടയം: ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് വയസ് ആക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്. സ്കൂൾ പ്രവേശന പ്രായം സംബന്ധിച്ച തീരുമാനം ശാസ്ത്രീയമാകണം. ലോകത്തിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറോ ഏഴോ വയസാണ്. വിദ്യാഭ്യാസ നിലവാരത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ എഴുവയസാണ്.ഇവ തമ്മിൽ കുട്ടികളുടെ പ്രായത്തിൻ്റെ കാര്യത്തിൽ കൃത്യമായ അതിരുകൾ നിശ്ചയിക്കാത്തത് രണ്ടു സംവിധാനങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുന്നു. മൂന്ന്, നാല് പ്രായക്കാർ അങ്കണവാടികളിലും അഞ്ച് വയസുകാർ പ്രീ സ്കൂളുകളിലും പഠിക്കുക എന്ന പൊതുസമീപനം സ്വീകരിക്കാവുന്നതാണ്. അഞ്ചു വയസുകാർക്കായി ശാസ്ത്രീയ പ്രീ സ്കൂൾ സംവിധാനം ഒരുക്കാൻ സർക്കാർ മുൻകൈയെടുക്കണം.
ഒരു വയസ് നേരത്തെ പഠനം ആരംഭിക്കുന്നത് കുട്ടിയുടെ വൈജ്ഞാനിക വികാസത്തെ ബാധിക്കാനിടയുണ്ട്. ഗണിതം പോലെയുള്ള വിഷയങ്ങളിലെ ക്രമീകൃതമായി പഠിക്കേണ്ട ആശയങ്ങൾ സ്വാംശീകരിക്കാൻ കുട്ടി പാകമാകുന്ന പ്രായത്തിൽ അതിൻ്റെ പഠനം ആരംഭിക്കുന്നതാണ് നല്ലത്.
കേരളത്തിൽ ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് വയസാക്കുമ്പോൾ അത് പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.അതിൽ ഒന്ന് ആദ്യ വർഷം ഒന്നാം ക്ലാസിൽ കുട്ടികൾ ഉണ്ടാകാനിടയില്ല എന്നതാണ്. നിലവിലുള്ള അധ്യാപകരുടെ തസ്തികയെ അത് ബാധിക്കും. പുതിയതായി നിയമനം കാത്തു കഴിയുന്നവരെയും. മറ്റു പ്രശ്നങ്ങളും ഉണ്ടായേക്കാം.പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ട് ശാസ്ത്രീയമായ തീരുമാനം എങ്ങനെ കൈകൊള്ളാം എന്നാണ് സർക്കാർ ആലോചിക്കേണ്ടത്.
അതായത് പ്രവേശന പ്രായം ഉയർത്തുന്നത് വിദ്യാഭ്യാസ നിലവാരത്തെ സഹായിക്കുന്ന ഘടകമായി പ്രവർത്തിക്കുന്നു. ഈ രാജ്യങ്ങളിലെ പാഠ്യപദ്ധതിയും കുട്ടികളുടെ നിലവാരവും വിശകലനം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് തയാറാകണം. കേരളത്തിൽ പ്രീ സ്കൂളുകളും അങ്കണവാടികളും പ്രവർത്തിക്കുന്നുണ്ട്.
വേണ്ടത്ര മുന്നൊരുക്കവും വ്യാപകമായ ബോധവത്കരണവും നടത്തി പ്രവേശന പ്രായം ആറ് വയസ് ആക്കി ഉയർത്താനാകണം. ഒന്നാം ക്ലാസ് അനുയോജ്യമായ പ്രവേശന പ്രായം ആറ് വയസ് ആണെന്ന തിരിച്ചറിവോടെ കുട്ടികളുടെ വികസനാവശ്യങ്ങൾ പരിഗണിച്ച് കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുന്നതിന് രക്ഷാകർതൃസമൂഹം തയാറാകണം.
അതായത് ആറാം വയസിൽ ഒന്നാം ക്ലാസിലാരംഭിക്കുന്ന വിദ്യാഭ്യാസത്തെയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. 2009 ലെ വിദ്യാഭ്യാസ അവകാശനിയമവും ആറ് വയസ് മുതലുള്ള ഔപചാരിക വിദ്യാഭ്യാസത്തിനായി നിലകൊള്ളുന്നു. കോത്താരി കമീഷൻ മുതലുള്ള എല്ലാ വിദഗ്ധ സമിതികളും ആറ് വയസ് മുതൽ പതിനാല് വയസുവരെയുള്ള സ്കൂൾ വിദ്യാഭ്യാസമാണ് നിർദേശിക്കുന്നത്.
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ തയാറാക്കിയ രേഖകളിൽ ആറ് വയസുവരെയുള്ള കുട്ടികളെ പ്രീ സ്കൂളിലാണ് പെടുത്തിയിട്ടുള്ളത് കേരളത്തിൻ്റെ തന്നെ അക്കാദമിക നിർദേശമായി അത് പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും പരിഷത്ത് പ്രസിഡണ്ട് ബി.രമേശ്, ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.